ആഡംബര കാറുകൾ ഉപയോഗിക്കാറില്ലെന്ന് കവടിയാർ കൊട്ടാരത്തിലെ ആദിത്യ വർമ. ബി എം ഡബ്ല്യുയും ഡിഫൻഡറുമൊക്കെ വാങ്ങിക്കണമെന്ന് പരിചയക്കാർ പറയാറുണ്ടെന്നും അതിനെ താൻ എതിർക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടി ഓടിക്കാൻ ഇഷ്ടമാണ്. പക്ഷേ വണ്ടിക്ക് വേണ്ടി ഇത്രയും പൈസ മുടക്കുന്നതിനോട് യോജിപ്പില്ല. അതിലും നല്ലത് ആൾക്കാർക്ക് സഹായം ചെയ്യുന്നതല്ലേയെന്നും ആദിത്യ വർമ ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ മലയാളികളൊക്കെ തിരിച്ചറിയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഒരിക്കൽ ദുബായിൽ പോയി. ഞാനും സുഹൃത്തുക്കളും വണ്ടി പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു. നടന്നുപോകുമ്പോൾ ഒരാൾ റോഡിന്റെ നടുക്ക് വലിയൊരു വണ്ടി നിർത്തി, ഇറങ്ങി വന്നു. ആദിത്യ വർമ രാജാവാണോയെന്ന് ചോദിച്ചു. ആദിത്യ വർമയാണെന്ന് ഞാൻ പറഞ്ഞു.
ഒരു ഫോട്ടോയെടുത്തോട്ടേയെന്ന് അയാൾ ചോദിച്ചു. വണ്ടി റോഡിന്റെ നടുവിലല്ലേ എന്ന് ഞാൻ ചോദിച്ചു. അത് കുഴപ്പമില്ല, ഫൈൻ അടിച്ചാലും കൊടുക്കാം, പക്ഷേ നിങ്ങളെ പിന്നെ കാണാൻ പറ്റില്ലല്ലോയെന്ന് പറഞ്ഞു. ഇതൊക്കെ സന്തോഷമല്ലേ.അദ്ദേഹം വണ്ടി നിർത്തി, എന്റെ കൂടെ ഫോട്ടോയെടുത്താൽ മാനസിക സന്തോഷമല്ലാതെ എന്ത് കിട്ടാനാണ്. അതിന്റെ ഇരട്ടി സന്തോഷം എനിക്കും കിട്ടി.'- ആദിത്യ വർമ പറഞ്ഞു.
കൊട്ടാരത്തിൽ നൂറിലധികം മുറികളുണ്ടെന്ന് ആദിത്യ വർമ വ്യക്തമാക്കി. ഇവിടത്തെ അംഗങ്ങൾക്ക് തുല്യമായ ഷെയർ ആണെന്നും എല്ലാ ചെലവുകളും കോമണായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |