കൊച്ചി: സിന്ധുവിന്റെ ജീവിതത്തിൽ പാവകൾ നായകനും വില്ലനുമാണ്. ജീവിത വിജയത്തിലേക്കുള്ള വഴി തെളിച്ചാണ് കിഴക്കമ്പലത്തെ 'ടോയ് ഫോറസ്റ്റ്" ഉടമ സിന്ധു അഗസ്റ്റിന്റെ ജീവിതത്തിൽ നായകനായത്. പാവ നിർമ്മാണത്തിനിടെ സിന്ധുവിന്റെ കൈപ്പത്തി മുറഞ്ഞപ്പോൾ വില്ലനുമായി.
എൻജിനിയറിംഗ്, മാനേജ്മെന്റ് വിദഗ്ദ്ധയായ കാക്കനാട് കുരീക്കൽ സിന്ധു അഗസ്റ്റിൻ (50) 2017ലാണ് കളിപ്പാട്ട വ്യവസായം തുടങ്ങിയത്. ഒപ്പം നാട്ടുകാരായ വനിതകൾക്ക് തൊഴിൽ നൽകാനും ലക്ഷ്യമിട്ടു. കോഴിക്കോട് ഐ.ഐ.എമ്മിന്റെ സീഡ് ഫണ്ടടക്കം 15 ലക്ഷം രൂപ മൂലധനമായി.
കൊവിഡിനു ശേഷമാണ് 'ടോയ് ഫോറസ്റ്റ്" പിച്ചവച്ചത്. കുട്ടിയാനയും മാനും മുയലുമടക്കം പാവകളുടെ ഗുണമേന്മയാണ് നേട്ടമായത്.
2022 ആഗസ്റ്റ് 10നാണ് സിന്ധുവിന്റെ വലതുകൈ അറ്റത്. പാവകളിൽ നിറയ്ക്കുന്ന പഞ്ഞി പതം വരുത്തുന്ന യന്ത്രം തകരാറായപ്പോൾ സിന്ധുവാണ് തുറന്ന് പരിശോധിക്കാനെത്തിയത്. ഇടംകൈയിൽ മൊബൈൽ ഫോൺ പിടിച്ച് സംസാരിച്ച് യന്ത്രം ഓഫാക്കിയെങ്കിലും യന്ത്രം പ്രവർത്തിച്ചു. ഇതിനിടെ വലംകൈ യന്ത്രത്തിൽ കുടുങ്ങി. റോളറുകളിൽ അഞ്ചുവിരലും ചതഞ്ഞരഞ്ഞു. കൈമുട്ടിന് താഴേക്ക് എല്ലുകൾ നുറുങ്ങി. തുടർന്ന് നിരവധി ശസ്ത്രക്രിയകൾ നടത്തി. ഒടുവിൽ കൃത്രിമക്കൈയും വച്ചു.
എപ്പോഴും സുരക്ഷയെക്കുറിച്ച് പറയുന്ന തനിക്കാണ് വീഴ്ച പറ്റിയതെന്ന് സിന്ധു പറയുന്നു. തനിക്കല്ലേ, മറ്റാർക്കും പറ്റിയില്ലല്ലോ എന്ന് സമാധാനിച്ചു. ഇടതുകൈയാൽ ആത്മവിശ്വാസം വീണ്ടെടുത്തു. തലമുടി ഉപേക്ഷിച്ച് ബോയ് കട്ട് ചെയ്തു. പ്രോജക്ട് കൺസൾട്ടന്റായ ഭർത്താവ് സജിൽകുമാറും മകളും ആർക്കിടെക്റ്റ് വിദ്യാർത്ഥിയുമായ അന്ന അൽഫോൺസ തെരേസയും പിന്തുണയ്ക്കുണ്ട്.
വില 150 മുതൽ
രോമം കൊണ്ടുള്ള തുണി ലേസർ കട്ടു ചെയ്ത് തുന്നിയാണ് പാവ നിർമ്മാണം. തുടർന്ന് യന്ത്രസഹായത്താൽ പഞ്ഞിത്തുണ്ടുകൾ നിറയ്ക്കും. കണ്ണും മൂക്കും ഇറക്കുമതി ചെയ്യും. കമ്പ്യൂട്ടറിലാണ് ഡിസൈനിംഗ്. 150 രൂപ മുതലാണ് വില. വലിപ്പത്തിനനുസരിച്ച് വില ഉയരും.
'ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ ഒപ്പമുണ്ടാകുമെന്ന സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ വാക്കുകളാണ് പ്രചോദനം".
- സിന്ധു അഗസ്റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |