കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനി ബസിന്റെ ഫുട്ബോർഡിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരായ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്ത് പൊലീസ്. വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കാഞ്ഞിരപ്പള്ളി പൊലീസാണ് ജീവനക്കാർക്കെതിരെ കേസെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമിനിക്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെടുന്നത്.
അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം തന്നെ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജീവനക്കാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കാഞ്ഞിരപ്പള്ളിയിലെ ആനിത്തോട്ടത്തിൽ വച്ച് വിദ്യാർത്ഥിനി ബസിൽ നിന്ന് തെറിച്ചു വീഴുകയും കാലിന് പരിക്കേൽക്കുകയും ചെയ്ത്‌ത്.
കുട്ടി റോഡിൽ വീഴുന്നത് കണ്ടിട്ടും ജീവനക്കാർ ബസ് നിർത്താനോ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുവാനോ തയ്യാറായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസും മോട്ടോർവാഹന വകുപ്പും നടപടിയിലേക്ക് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |