കോഴിക്കോട്: എഴുത്തും വായനയും മുഖമുദ്രയാക്കി വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പാർട്ടിയിൽ ഉയർന്നുവന്ന നേതാവാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിനേശൻ പുത്തലത്ത്. നിലവിൽ പാർട്ടി മുഖപത്രം ദേശാഭിമാനിയുടെ പത്രാധിപരും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ് . ആറുവർഷം മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കേരള ലോ അക്കാഡമിയിൽ നിന്നും എൽ. എൽ. ബിയും നേടി.
1969 ഡിസംബർ 31 ന് വടകര മേമുണ്ടയിൽ ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ-ദേവിയമ്മ ദമ്പതികളുടെ ഏറ്റവും ഇളയ മകനായി ജനിച്ചു. പിതാവ് പ്രശസ്ത വടക്കൻപാട്ടുകാരനും നാടോടി കലാകാരനും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമാണ്.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ദിനേശൻ പുത്തലത്ത്, 2000മുതൽ രണ്ടു വർഷകാലം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. പിന്നീട് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.ഒപ്പം എസ്.എഫ്.ഐ വിദ്യാർത്ഥി മാസികയുടെ എഡിറ്ററും. ഇക്കാലയളവിൽ സി.പി.എം വടകര ഏരിയാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്റർ കേന്ദ്രീകരിച്ച് പതിനഞ്ച് വർഷക്കാലം പ്രവർത്തിച്ചു. ഇ.എം.എസ് അക്കാഡമിയിൽ ഫാക്കൽറ്റിയും, മാർക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും കൂടിയാണ്. 2015യിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായി. 2022ൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. .
ഡോ. യമുന കീനേരിയാണ് ഭാര്യ. മക്കൾ: റോസ, ആസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |