ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂററ്റ് കോടതി വിധിയിൽ പിശകുണ്ടെന്നും നിയമപരമായി നിലനിൽക്കില്ലെന്നും
പാർട്ടി വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ മനു സിംഗ്വി പറഞ്ഞു. വിധിക്കെതിരെ അപ്പീലിന് പോകുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാത്തതിനാൽ രാഹുൽ ഗാന്ധി ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യനായതായി സിംഗ്വി വിശദീകരിച്ചു. ആ വിധിക്കെതിരെ അപ്പീലിന് സമയം നൽകാതിരുന്നത് സാമാന്യ നീതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിധി പിശകുകളഉം നിയമപരമായി സുസ്ഥിരമല്ലാത്ത നിഗമനങ്ങളും നിറഞ്ഞതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉയർന്ന കോടതിയിൽ ഉടൻ അപ്പീൽ നൽകും. അപകീർത്തി സംഭവിച്ച ആളാകണം മാനനഷ്ടക്കേസിലെ പരാതിക്കാരൻ. എങ്ങനെയാണ് തനിക്ക് മാനഹാനിയുണ്ടായതെന്ന് വ്യക്തമാക്കണം. രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടത് അങ്ങനെയല്ല. പ്രസംഗത്തിൽ പരാമർശിക്കുന്ന വ്യക്തികളാരും പരാതിപ്പെട്ടിട്ടില്ല.
കേസ് മറ്റൊരു മജിസ്ട്രേട്ടിന് കീഴിലായിരുന്നപ്പോൾ പരാതിക്കാരൻ ഹൈക്കോടതിയിൽ നിന്ന് നടപടിയിൽ സ്റ്റേ വാങ്ങിയിരുന്നു. ഇപ്പോൾ വിധി പുറപ്പെടുവിച്ച മജിസ്ട്രേട്ട് സ്ഥലം മാറി വന്നയുടൻ സ്റ്റേ നീക്കിയതിൽ ദുരൂഹതയുണ്ട്.
സംഭവം നടന്നത് സൂററ്റിലെ കോടതിയുടെ അധികാര പരിധിക്കു പുറത്ത് കർണാടകയിലാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം ശിക്ഷ വിധിച്ചത് പ്രത്യേക വാദം നടത്താതെ തിടുക്കപ്പെട്ടാണ്.
കോലാറിലെ പ്രസംഗം ജനഹിതം ലക്ഷ്യമിട്ടായിരുന്നു. മൂന്ന് വ്യക്തികളെ ലക്ഷ്യമിട്ടല്ല. അതിന്റെ ഉള്ളടക്കം രാഷ്ട്രീയവും വിലക്കയറ്റവുമാണ്. അതിനാൽ പ്രസംഗത്തിലൂടെ കുറ്റം ചെയ്തിട്ടുണ്ടോയെന്നത് തർക്കവിഷയമാണ്.
പൊതുതാത്പര്യാർത്ഥം പൊതുവേദിയിൽ നടത്തിയ നിർഭയമായ പ്രസംഗത്തെ ചൊല്ലി ഭീഷണിയുടെ സാഹചര്യം സൃഷ്ടിച്ചാലും രാഹുൽ ഗാന്ധിയും കോൺഗ്രസും കുലുങ്ങില്ല. കള്ളക്കേസുകൾ ചുമത്തി എതിരാളികളെ നിശബ്ദമാക്കുന്നതാണ് ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും രീതി. ജനഹിത വിഷയങ്ങളിൽ രാഹുൽ ഗാന്ധി തുടർന്നും സംസാരിക്കുമെന്നും സിംഗ്വി പറഞ്ഞു.
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ ഗുരുതരമായ കുറ്റമായിട്ടു പോലും കേരള ഹൈക്കോടതി വിചാരണ കോടതി വിധിക്ക് സ്റ്റേ നൽകിയെന്ന് സിംഗ്വി ചൂണ്ടിക്കാട്ടി.
രാഹുലിന് എന്തും പറയാൻ
അവകാശമില്ല : ബി.ജെ.പി
ന്യൂഡൽഹി: ആളുകളെ എന്തും പറഞ്ഞ് അപമാനിക്കാമെന്ന് രാഹുൽ ഗാന്ധി കരുതിയെങ്കിൽ തെറ്റിയെന്നും അപമാനിതരായവർക്കും അവകാശങ്ങളുണ്ടെന്നും ബി.ജെ.പി നേതാവും വക്താവുമായ രവിശങ്കർ പ്രസാദ് പറഞ്ഞു. കോടതിയെയും നിയമത്തെയും പോക്കറ്റിലാക്കാമെന്ന് ആരും കരുതേണ്ട. സത്യത്തിലും അഹിംസയിലും വിശ്വസിക്കുന്നു എന്ന രാഹുലിന്റെ പ്രതികരണം എന്തർത്ഥത്തിലാണ്. നിങ്ങൾക്ക് രാജ്യത്തെയും ആളുകളെയും അപമാനിക്കാം എന്നാണോ. രാഹുൽ ഗാന്ധിക്ക് ആരെയെങ്കിലും അധിക്ഷേപിക്കാനോ അനാദരിക്കാനോ അവകാശമുണ്ടെങ്കിൽ, അതിൽ വേദനിച്ചവർക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്യാനും അവകാശമുണ്ട്. അതാണ് ഇന്ത്യയിലെ നിയമം.
രാഹുൽ ഗാന്ധിക്ക് ആളുകളെ അധിക്ഷേപിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം വേണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്.
രാഹുലിന് അപകീർത്തികരമായ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച ചരിത്രമുണ്ട്. മൻമോഹൻസിംഗ് സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസ് കീറിക്കളഞ്ഞതും അദ്ദേഹം ഒാർമ്മിപ്പിച്ചു.
കർണാടക തിരഞ്ഞെടുപ്പ്
തിയതിക്കൊപ്പം വയനാടും?
ന്യൂഡൽഹി:മേയിൽ നടക്കേണ്ട കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടൻ പ്രഖ്യാപിക്കാനിരിക്കെ, സൂററ്റ് കോടതി വിധിയോടെ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദായാൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാദ്ധ്യതയും തെളിഞ്ഞു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ് അയോഗ്യത വന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കോടതി സ്റ്റേ ചെയ്യുകയായിരുന്നു. അതേസമയം യു.പിയിൽ അയോഗ്യനായ സമാജ്വാദി നേതാവ് അസംഖാന്റെ അസംബ്ളി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് നടന്നു.
രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ ലോക്സഭാ സ്പീക്കർ ഒാം ബിർളയിലേക്കാണ് എല്ലാ കണ്ണുകളും. അയോഗ്യത ഉറപ്പായ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദായതായി സ്പീക്കർക്ക് കീഴിലുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവും വയനാട് മണ്ഡലത്തിൽ ഒഴിവു റിപ്പോർട്ട് ചെയ്യുന്നതും എന്നുണ്ടാകുമെന്നാണ് കോൺഗ്രസുൾപ്പെടെ ഉറ്റു നോക്കുന്നത്.
എം.പി അയോഗ്യനായെന്ന ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് വന്നാലുടൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഉപതിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങാം. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർണാടക തിരഞ്ഞെടുപ്പിനൊപ്പം വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അദ്ഭുതപ്പെടാനില്ല.
ഒാം ബിർളയിൽ നിന്ന് കാരുണ്യമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പറഞ്ഞ പാർട്ടി വക്താവ് മനു അഭിഷേക് സിംഗ്വി ഉത്തരവ് ഉടൻ ഇറങ്ങുമെന്ന സൂചനയാണ് നൽകിയത്.
പേടിച്ച് പിൻമാറില്ല: കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: സത്യം പറഞ്ഞതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി നിശബ്ദമാക്കാമെന്ന് കരുതണ്ടെന്നും പേടിച്ച് പിൻമാറില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഭരണകൂടം സത്യവും നീതിയും തമസ്കരിക്കുന്നതിനെ എതിർത്ത് ജനങ്ങളോട് നിർഭയം വിളിച്ച് പറയുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഇഡി, സി.ബി.ഐ പൊലീസ് ഏജൻസികളെ ദുരുപയോഗം ചെയ്ത് മോദി ഭരണകൂടം ഉയർത്തിയ എല്ലാ പ്രതിസന്ധികളെയും അദ്ദേഹം തന്റേടത്തോടെ നേരിട്ട് സത്യം ഉറക്കെ വിളിച്ചു പറഞ്ഞത് ഇനിയും തുടരും. വിധിക്കെതിരെ നിയമപോരാട്ടത്തിനൊപ്പം ജനകീയകോടതിയിലും ശക്തമായ പോരാട്ടം നടത്തും.
രാഹുലിനെ ഭയപ്പെടുത്താമെന്നത്
വ്യാമോഹം:ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താമെന്ന മോഹം സംഘ പരിവാർശക്തികൾ കൈയിൽ വെച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കുഷം രാഹുലിനെ ബി.ജെ.പി ഭയക്കുകയാണെന്നും ഓരോ നേതാക്കളുടെയും വാക്കുകളിൽ അത് പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ വേട്ടയുടെ
തുടർച്ച: വി.എം. സുധീരൻ
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ബി.ജെ.പി നടത്തുന്ന രാഹുൽ വേട്ടയുടെ തുടർച്ചയാണ് കോടതിവിധിയെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പ്രസ്താവിച്ചു. രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തെയും തളർത്താനുള്ള ബി.ജെ.പിയുടെ കരുനീക്കങ്ങൾ ജുഡിഷറിയിലും പ്രതിഫലിക്കുന്നത് നിർഭാഗ്യകരമാണെന്നും സുധീരൻ പറഞ്ഞു.
കോൺഗ്രസ് നിയമപോരാട്ടം തുടരും: കൊടിക്കുന്നിൽ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ കോടതിവിധി ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് നിയമ പോരാട്ടം തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എം .പി പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |