തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ഇന്ന് രാവിലെ 10ന് കോട്ടയത്ത് നടക്കും. ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച 12 വീടുകളുടെ താക്കോൽ ദാനവും കെ.പി.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
രാവിലെ 9ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. സ്മൃതി സംഗമത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മതമേലദ്ധ്യക്ഷന്മാർ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഭാരവാഹികൾ, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, എം.പിമാർ, എം.എൽ.എമാർ, മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. കെ.പി.സി.സി ജീവകാരുണ്യ പദ്ധതിയായ സ്മൃതിതരംഗത്തിനും സമ്മേളനത്തിൽ തുടക്കമാകും.
ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിക്കും. തുടർന്ന് ഡൽഹിക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |