വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് ?
ന്യൂഡൽഹി:അപകീർത്തിക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അസാധാരണ തിടുക്കത്തിൽ അയോഗ്യനാക്കിയതോടെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഭാവിയിൽ കരിനിഴൽ വീഴാതിരിക്കാൻ കോടതി മാത്രമായി ആശ്രയം.
സൂററ്റ് കോടതിയുടെ ശിക്ഷാ വിധി വന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദായി.
ശിക്ഷാ വിധിക്ക് സ്റ്റേ വന്നില്ലെങ്കിൽ വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാകും. രാഹുലിന് രണ്ടു വർഷം ശിക്ഷ അടക്കം എട്ടു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. 2024, 2029 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവാതെ വരും.
ഉപതിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കേരളത്തിലെ ചീഫ് ഇലക്‌ടറൽ ഒാഫീസർക്കും ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. കോടതി ശിക്ഷ റദ്ദാക്കുകയൊ, ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് സ്റ്റേ ചെയ്യുകയൊ ചെയ്തില്ലെങ്കിൽ ഏപ്രിൽ ആദ്യം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം.
ലോക്‌സഭാ സെക്രട്ടേറിയറ്റ് മിന്നൽ വേഗത്തിലാണ് നീങ്ങിയത്. കോടതി വിധിയുടെ പകർപ്പ് ഇന്നലെ രാവിലെ സ്‌പീക്കർ ഒാം ബിർളയുടെ ഓഫീസിലെത്തി. പിന്നാലെ നിയമവിദഗ്ദ്ധരുമായി ചർച്ച. ഉച്ചയ്‌ക്ക് ഉത്തരവിറങ്ങി. ജനപ്രാതിനിദ്ധ്യ നിയമം 8, ഭരണഘടനയുടെ 102(1) ഇ വകുപ്പുകൾ പ്രകാരം, കോടതി വിധി വന്ന മാർച്ച് 23 മുതൽ രാഹുൽ അയോഗ്യനായെന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്‌പൽ കുമാർ സിംഗിന്റെ ഉത്തരവിൽ പറയുന്നു.
ഭാരത് ജോഡോ യാത്രയുടെ ഗംഭീര മൈലേജ് മോദി സർക്കാരിനെതിരെ പ്രയോഗിക്കാനുള്ള ഒരുക്കത്തിനിടെയാണ് കോടതി വിധി രാഹുലിന് തിരിച്ചടിയായത്. ബി.ജെ.പിയിത് ശക്തമായ രാഷ്‌ട്രീയ ആയുധമാക്കിയതോടെ കോൺഗ്രസ് ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗാന്ധികുടുംബത്തെ ആശ്രയിക്കുന്ന കോൺഗ്രസിന് സോണിയാ ഗാന്ധിയുടെ അനാരോഗ്യത്തിനൊപ്പം രാഹുലിന്റെ അയോഗ്യതയും വൻ തിരിച്ചടിയാകും.
ഇനി മുൻ എം.പി
രാഹുലിന് എം.പിയുടെ സൗകര്യങ്ങളും ആനുകൂല്യങ്ങളും നിർത്തലാക്കി. തുഗ്ളക്ക് ലെയിനിലെ 12-ാം നമ്പർ വസതി നഷ്‌ടമാകും.
അയോഗ്യത മാറാൻ
ശിക്ഷാ വിധി മേൽക്കോടതി സ്റ്റേ ചെയ്യണം / അപ്പീലിൽ അനുകൂല വിധി നൽകണം / വിധി റദ്ദാക്കിയില്ലെങ്കിലും ശിക്ഷ രണ്ട് വർഷത്തിൽ കുറച്ചാലും അയോഗ്യത ഒഴിവാകും.
രാഷ്‌ട്രപതിക്കും തീരുമാനിക്കാം
അനുച്ഛേദം 102 (1) പ്രകാരം പാർലമെന്റ് അംഗത്തിന്റെ അയോഗ്യത വിഷയം ഉണ്ടായാൽ രാഷ്ട്രപതിക്ക് അയയ്‌ക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയശേഷം രാഷ്ട്രപതിയുടെ തീരുമാനം അന്തിമം .
ജനപ്രാതിനിധ്യ നിയമം എട്ട് (3)
ഗുരുതരമല്ലാത്ത കുറ്റങ്ങളിൽ രണ്ട് വർഷത്തിൽ കുറയാത്ത ശിക്ഷ വിധിച്ചാൽ ആ ദിവസം മുതൽ അയോഗ്യത. തടവു ശിക്ഷ കഴിഞ്ഞ് ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
ഒരുമിച്ച് പ്രതിപക്ഷം
രാഹുലിനെതിരായ നടപടി പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് ഇന്ധനമാകുന്നതിന്റെ സൂചനയുണ്ട്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ 14 പാർട്ടികൾ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പ്രതിപക്ഷ നേതാക്കളെ കേസുകളിൽ കുടുക്കിയും ജയിലിലടച്ചും ഒതുക്കാൻ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് രാഹുലിന്റെ അയോഗ്യതയെന്ന് ആക്ഷേപമുണ്ട്. കോൺഗ്രസുമായി അകലം പാലിച്ച മമതയും കേജ്‌രിവാളുമൊക്കെ പിന്തുണയുമായെത്തിയതും ശ്രദ്ധേയമായി. പ്രതികാര രാഷ്‌ട്രീയത്തിന്റെ ഇര എന്ന പരിവേഷത്തോടെ മൈലേജുണ്ടാക്കാനായിരിക്കും കോൺഗ്രസിന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |