തിരുവനന്തപുരം: കാലവർഷത്തിനൊപ്പം കാറ്റും ശക്തമായതോടെ സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. ഇന്ന് തെക്ക് മൂന്നു ജില്ലകളൊഴിച്ചുള്ള മേഖലകളിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് സൂചന. നാളെ അല്പം ശക്തി കുറയുമെങ്കിലും ഈ ആഴ്ച അവസാനംവരെ തുടരും. കനത്ത മഴയിൽ ഇന്നലെ ആറു പേർ മരിച്ചു. മീൻ പിടിക്കാനിറങ്ങിയ കോഴിക്കോട് കോടഞ്ചേരിയിൽ ബിജു ചന്ദ്രൻകുന്നേലിന്റെ മക്കളായ നിഥിൻ ബിജു (13), ഐവിൻ ബിജു (11) എന്നിവർ ഷോക്കേറ്റ് മരിച്ചു. വടകര കുനിത്താഴത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് കുന്നുമ്മായിന്റെ വിട മീത്തൽ പവിത്രൻ (64) മരിച്ചു. കുണ്ടായിത്തോടിലെ ഓടയിൽ വീണാണ് തമിഴ്നാട് വിധുര നഗർ സ്വദേശി വിഘ്‌നേശ് (45) മരിച്ചത്.
ഇടുക്കി പാമ്പാടുംപാറയിൽ മരച്ചില്ല വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശിനി മാലതിയാണ് (21) മരിച്ചത്. കൊടുങ്ങല്ലൂർ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ കഴിഞ്ഞ ദിവസം വഞ്ചി മറിഞ്ഞ് കാണാതായ അഴീക്കോട് ബീച്ച് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിന്റെ (52) മൃതദേഹം കണ്ടെത്തി.
കോഴിക്കോട്, വയനാട്, ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂർ,എറണാകുളം, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
അങ്കണവാടി,മദ്രസ, ട്യൂഷൻ സെറ്ററുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |