തിരുവനന്തപുരം:മാലിന്യ സംസ്‌കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൃത്തി 2025 കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി എം.ബി. രാജേഷിന്റെ കഠിനപരിശ്രമം വിജയത്തിലെത്തി. ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത വൃത്തി സ്ഥിരമായ ഒന്നല്ല. വൃത്തി ഒരു ശീലമായി മാറണം. മാലിന്യ സംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട എതിർപ്പുകളിൽ സമവായമുണ്ടാക്കാനായി എന്നതാണ് വൃത്തി 2025 കോൺക്ലേവിന്റെ ഏറ്റവും വലിയ നേട്ടമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ഗവർണർ സമ്മാനിച്ചു.കനകക്കുന്നിൽ നടന്ന സമ്മേളനത്തിൽ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. വി.കെ. പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി.വി. തുടങ്ങിയവർ പങ്കെടുത്തു.വൃത്തി കോൺക്ളേവ് പ്രദർശനം ഇന്ന് അവസാനിക്കും.
ആമ്പല്ലൂരിനും ഗുരുവായൂരിനും പുരസ്‌കാരം
സംസ്ഥാനത്ത് ഏറ്റവും മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനം നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരത്തിന് എറണാകുളം ജില്ലയിലെ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും ഗുരുവായൂർ മുനിസിപ്പാലിറ്റിയും കോഴിക്കോട് കോർപറേഷനും അർഹരായി. പഞ്ചായത്തുകളിൽ കോഴിക്കോട് ജില്ലയിലെ മണിയൂർ രണ്ടാം സ്ഥാനവും ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. കണ്ണൂർ ജില്ലയിലെ ആന്തൂരും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയും മുനിസിപ്പാലിറ്റികളുടെ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തൃശൂർ കോർപറേഷനാണ് കോർപറേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം. ആറ്റുകാൽ പൊങ്കാല,സംസ്ഥാന സ്‌കൂൾ കലോത്സവം എന്നീ പരിപാടികളുമായി ബന്ധപ്പെട്ടു മികച്ച മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നടത്തിയ തിരുവനന്തപുരം കോർപറേഷന് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |