
തിരുവനന്തപുരം: പ്രതിമാസം 45 ക്വിന്റൽ ധാന്യം വില്പനയുള്ള റേഷൻ വ്യാപാരികളുടെ മാസ വേതനം 18,000 രൂപയിൽ നിന്നും 21,000 രൂപയായി സർക്കാർ വർദ്ധിപ്പിച്ചു. ഈ മാസം മുതൽ വർദ്ധന നിലവിലായെന്ന് റേഷൻ വ്യാപാരി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
45നു ശേഷം വിൽക്കുന്ന ഓരോ ക്വിന്റലിനും 200 രൂപ വീതം ലഭിക്കും. 15 ക്വിന്റൽ വരെയുള്ള വിതരണത്തിന് കമ്മീഷൻ 6800 രൂപയും 15 ക്വിന്റലിനു മുകളിൽ 45 ക്വിന്റൽ വരെ അടിസ്ഥാന കമ്മീഷൻ 9000 രൂപയും വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 270 രൂപയുമാണ് പുതിയ നിരക്ക്.
പുതിയ വേതന പാക്കേജിനെ തുടർന്ന് ഫെബ്രുവരി മുതൽ റേഷൻ വ്യാപാരി കൂട്ടായ്മ നടത്താനിരുന്ന സമരം പിൻവലിച്ചതായി വ്യാപാരി സംഘടനകൾ അറിയിച്ചു.ചർച്ചയിൽ ജി.സ്റ്റീഫൻ എം.എൽ.എ, ജി. ശശിധരൻ, ജോണി നെല്ലൂർ, ടി.മുഹമ്മദാലി, ജി.കൃഷ്ണ പ്രസാദ്, സുരേഷ് കാരേറ്റ്, കെ.ബി. ബിജു, വി. അജിത് കുമാർ, ആർ. സജിലാൽ, പ്രിയൻ കുമാർ തുടങ്ങിയവരും സിവിൽ സപ്ലെസ് കമ്മീഷണർ ഹിമ, റേഷനിംഗ് കൺട്രോളർ മോഹൻ കുമാർ തുടങ്ങിയവരും പങ്കെടുത്തു.
അരിവില
കൂട്ടില്ല
നീല റേഷൻ കാർഡുകാർക്ക് നൽകുന്ന അരിയുടെ വില കിലോയ്ക്ക് 4 നിന്ന് 6 രൂപയാക്കുന്നതിലൂടെ കമ്മിഷൻ വർദ്ധനയ്ക്ക് അധികം വേണ്ടി വരുന്ന തുക കണ്ടെത്താനാകുമെന്നാണ് ഭക്ഷ്യവകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ആ നിർദ്ദേശം നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ചു. വേതന വർദ്ധവിലൂടെ പ്രതിമാസം 6.5 കോടിയുടെ അധിക ബാദ്ധ്യത സർക്കാരിനുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |