SignIn
Kerala Kaumudi Online
Thursday, 19 February 2026 11.33 AM IST

പാലക്കാടെത്തിയ  ട്രെയിനിന്റെ  പാഴ്സൽ  ബോഗിയിൽ നിന്ന്  ദുർഗന്ധം;   24  പെട്ടികളിലായി  പൊലീസ്  കണ്ടെത്തിയത്

Increase Font Size Decrease Font Size Print Page
fish

പാലക്കാട്: തമിഴ്‌നാട്ടിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട്ടേയ്‌ക്കു വിൽപനയ്‌ക്കെത്തിച്ച രണ്ട് ടൺ പഴകിയ മത്സ്യം ഉദ്യോഗസ്ഥർ പിടികൂടി. ഒലവക്കോട് റെയിൽവേ ജംഗ്‌ഷനിൽ ആർപിഎഫും റെയിൽവേ പൊലീസും ചേർന്നാണ് പഴകിയ മത്സ്യം പിടികൂടിയത്. തമിഴ്‌നാട് ആരോഗ്യവകുപ്പ് നാഗർകോവിൽ നിന്ന് പിടികൂടി തിരിച്ചയച്ച മത്സ്യമാണിതെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇത് തെളിയിക്കുന്നതിനും പരിശോധനകൾ നടത്തുന്നുണ്ട്.

ഇന്നലെ രാത്രി ഒമ്പതരയോടെ ഐലന്റ് എക്‌സ്‌പ്രസിലെ പാഴ്‌സൽ ബോഗിയിൽ നിന്നാണ് മത്സ്യം പിടികൂടിയത്. 24 പെട്ടികളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവയിൽ നിന്നും ‌ദുർഗന്ധം പരക്കുന്നതായി അറിയിച്ചെങ്കിലും ആരോഗ്യ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് പൊലീസ് ആരോപിക്കുന്നു. ഇതോടെ പുലർച്ചവരെ പെട്ടികൾക്ക് പൊലീസ് കാവൽ നിൽക്കേണ്ടി വന്നു. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയാൽ മാത്രമേ മത്സ്യത്തിന്റെ പഴക്കം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യം കടത്താൻ ശ്രമിക്കുന്നുവെന്ന തമിഴ്‌നാട് ആർപിഎഫ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ മാസവും ഇത്തരത്തിൽ ട്രെയിൻ മാർഗം എത്തിച്ച പഴകിയ മത്സ്യം പൊലീസ് പിടികൂടിയിരുന്നു. ഇത്തരം മത്സ്യങ്ങളുടെ ദുർഗന്ധം രാസവസ്‌തുക്കൾ ഉപയോഗിച്ച് മാറ്റി മാർക്കറ്റിൽ എത്തിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

TAGS: ROTTEN FISH, TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY