
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതി കണ്ണൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഫർസീൻ മജീദിന്റെ പാസ്‌പോർട്ട് കോടതി മടക്കി നൽകി. ജൂൺ ഒന്നിന് മുൻപ് പാസ്‌പോർട്ട് വീണ്ടും കോടതിക്ക് തിരികെ നൽകണം. പ്രതിക്ക് സ്വകാര്യാവശ്യത്തിന് വിദേശത്തേക്ക് പോകാനും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറ അനുമതി നൽകി.
അതേസമയം, പ്രതിക്ക് പാസ്‌പോർട്ട് മടക്കി നൽകാൻ ഇടയായത് പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നത്. കാലാവധി തീരാറായ പാസ്‌പോർട്ട് പുതുക്കുന്നതിനും സ്വകാര്യാവശ്യത്തിന് വിദേശത്തേക്ക് പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫർസീൻ അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖാന്തരം ഹർജി നൽകിയത്.
ഹർജി പരിഗണിച്ച കോടതി മൂന്നുവർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം നൽകാത്തതെന്തെന്ന് പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് അടുത്ത ദിവസം ഫയൽ ചെയ്യാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേന്ദ്രാനുമതി കിട്ടാത്തതാണ് കുറ്റപത്രം വൈകുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ഫർസീന് പുറമെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ആർ.കെ. നവീൻ കുമാറും കേസിലെ പ്രതിയാണ്. 2022 ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. പ്രതികൾ വിമാനത്തിനുളളിൽ വച്ച് മുഖ്യമന്ത്രിയുടെ സമീപം പാഞ്ഞടുത്ത് മുദ്രാവാക്യം വിളിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജന്റെ പരാതിയിലാണ് വലിയതുറ അസിസ്റ്റന്റ് കമ്മിഷണർ കേസെടുത്തത്.
പ്രതികൾക്കെതിരെ വധശ്രമത്തിന് പുറമെ സിവിൽ ഏവിയേഷൻ നിയമപ്രകാരമുളള കുറ്റങ്ങളും ചുമത്തിയിരുന്നു. ഇത്തരം കുറ്റങ്ങളുടെ വിചാരണയ്ക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |