
ന്യൂഡൽഹി: പ്രശസ്‌ത സാമൂഹ്യ ശാസ്‌ത്രജ്ഞനും എഴുത്തുകാരനും ജെ.എൻ.യു മുൻ അദ്ധ്യാപകനുമായ ടി.കെ.ഉമ്മൻ ഹരിയാനയിലെ ഗുരുഗ്രാമിൽ അന്തരിച്ചു. 88 വയസായിരുന്നു. ആലപ്പുഴ വെൺമണി തറയിലത്ത് കീരിക്കാട്ട് കുടുംബാംഗമാണ്. ഡൽഹി അതിർത്തിയിലെ ഗുരുഗ്രാമിൽ നാഷണൽ മീഡിയ സെന്ററിന് സമീപം 85-ാം നമ്പർ വസതിയിലായിരുന്നു താമസം. 2008ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഭാര്യ: ജോസഫീൻ. മക്കൾ: ജോണി ഉമ്മൻ(ഒമാൻ), കോശി ഉമ്മൻ(ബഹറിൻ). മരുമക്കൾ: റാണി, മേരി. സംസ്‌കാരം: തിങ്കളാഴ്‌ച വൈകിട്ട് 3.30ന് ഡൽഹി തുഗ്ളക്ബാദ് സെന്റ് ജോസഫ് സെമിത്തേരിയിൽ.
2002ലെ കലാപത്തിനുശേഷം ഗുജറാത്തിൽ ഹിന്ദു- മുസ്ലിം സൗഹൃദം വീണ്ടെടുക്കാൻ ഗുജറാത്ത് ഹാർമണി പ്രോജക്‌ട് ഉപദേശക സമിതി അദ്ധ്യക്ഷനെന്ന നിലയിൽ ഉമ്മന്റെ സംഭാവനകൾ വലുതാണ്. മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി പഠിക്കാൻ നിയോഗിച്ച സച്ചാർ കമ്മിറ്റി അംഗമായിരുന്നു.
1957ൽ കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബി.എയും 1960ൽ പൂനെ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ എം.എയും 1965ൽ പിഎച്ച്.ഡിയും നേടി. ശേഷം ഡൽഹി സർവകലാശാലയിലെ ഡൽഹി സ്കൂൾ ഒഫ് സോഷ്യൽ വർക്കിൽ അദ്ധ്യാപകനായി. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും അദ്ധ്യാപകനായി. 2007ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പ്രൊഫസർ എമെറിറ്റസ് പദവി ലഭിച്ചു. യു.ജി.സി നാഷണൽ സോഷ്യോളജി ലക്ചറർ, കാലിഫോർണിയ സർവകലാശാലയിലെ സോഷ്യോളജി വകുപ്പിൽ വിസിറ്റിംഗ് പ്രൊഫസർ, യു.എസ്.എ ബെർക്ക്‌ലി അടക്കം വിദേശ സർവകലാശാലകളിലും പഠിപ്പിച്ചു. ഇന്റർനാഷണൽ സോഷ്യോളജിക്കൽ അസോസിയേഷന്റെ 12-ാം പ്രസിഡന്റായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |