SignIn
Kerala Kaumudi Online
Saturday, 07 March 2026 12.03 PM IST

സർക്കാരിന് പ്രഹരം , ഐ.എ.എസുകാരെ തട്ടിക്കളിക്കാനാവില്ല, കേഡറിന് പുറത്തേക്കുള്ള സ്ഥലംമാറ്റങ്ങൾ റദ്ദാക്കി

Increase Font Size Decrease Font Size Print Page

asok

തിരുവനന്തപുരം/കൊച്ചി: ഐ.എ.എസുകാരെ ചട്ടങ്ങൾ പാലിക്കാതെ തോന്നിയപോലെ തെറിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് സർക്കാരിന് പ്രഹരവും ഐ.എ.എസുകാരുടെ വിജയവുമായി. ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് നയിച്ച നിയമയുദ്ധത്തിലാണ് സർക്കാരിന് തിരിച്ചടി.

ഐ.എ.എസുകാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും സിവിൽ സർവീസസ് ബോർഡുമായി (സി.എസ്.ബി) ആലോചിച്ച് മാത്രമേ നടത്താവൂ എന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഇത് ബാധകമാണ്.

ജസ്റ്റിസ് സുനിൽ തോമസ് ജുഡീഷ്യൽ അംഗവും വി. രമ മാത്യു അഡ്മിനിസ്‌ട്രേറ്റീവ് അംഗവുമായ ബെഞ്ചിന്റേതാണ് സുപ്രധാനവിധി. ഇതോടെ, സ്ഥാനക്കയറ്റം, വിരമിക്കൽ, രണ്ടുമാസത്തിൽ കുറയാത്ത ഡെപ്യൂട്ടേഷൻ എന്നീ സാഹചര്യങ്ങളിലൊഴികെ ഐ.എ.എസുകാരെ ഒരുപദവിയിൽ രണ്ടുവർഷം തുടരാൻ അനുവദിക്കേണ്ടിവരും.

ഐ.എ.എസ് കേഡർ തസ്തികകളിൽ മറ്റുസർവീസുകാരെയും വിരമിച്ചവരെയും നിയമിക്കുന്നതും നടപ്പില്ല. സർക്കാരിന് പുറത്തുള്ള കമ്മിഷനുകളിൽ നിയമിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ സന്നദ്ധത മുൻകൂറായി തേടേണ്ടിവരും.

ചീഫ്സെക്രട്ടറി അദ്ധ്യക്ഷനും അഡി.ചീഫ്സെക്രട്ടറി, വകുപ്പുസെക്രട്ടറി അംഗങ്ങളുമായ സിവിൽസർവീസ്ബോർഡ് ചേർന്ന് കാര്യകാരണസഹിതം ഉത്തരവിറക്കാതെ സ്ഥലംമാറ്റം, നിയമനം, സസ്പെൻഷൻ ഇവയൊന്നും നടക്കില്ല.

സുപ്രീംകോടതി ഉത്തരവ് പാലിച്ച് കേരളത്തിൽ സിവിൽസർവീസ് ബോർഡ് രൂപീകരിച്ചെങ്കിലും 2015നുശേഷം കാര്യമായി ചേർന്നിട്ടില്ല. ഒരുപദവിയിൽ രണ്ടുവർഷത്തിലേറെയുള്ള ഉദ്യോഗസ്ഥരെ ബോർഡിന്റെ അനുമതിയില്ലാതെ സ്ഥലംമാറ്റാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം ട്രൈബ്യൂണൽ തള്ളി.

മുഖ്യമന്ത്രി ഫയൽകാണാതെ ഐ.എ.എസുകാരെ മാറ്റി ചീഫ്സെക്രട്ടറി ഉത്തരവിറക്കിയതടക്കം ട്രൈബ്യൂണലിന്റെ മുന്നിലെത്തിയിരുന്നു. എല്ലാതീരുമാനങ്ങളും സിവിൽസർവീസ് ബോർഡിന്റെ അനുമതിയോടെയേ പാടുള്ളൂവെന്ന ട്രൈബ്യൂണൽ ഉത്തരവ്, 2014ലെ ടി.എസ്.ആർ സുബ്രഹ്മണ്യം കേസിലെ സുപ്രീംകോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയാണ്.

ഉന്നമിട്ടത് അശോകിനെ

ഉടൻ ചീഫ്സെക്രട്ടറി ഗ്രേഡിലെത്തുന്ന ഡോ.ബി.അശോകിനെ കേഡറിന് പുറത്തേക്ക് തെറിപ്പിക്കാൻ സർക്കാർ തുടരെത്തുടരെ നടത്തിയ മൂന്നു സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ചീഫ്സെക്രട്ടറി ഗ്രേഡുലഭിക്കുമ്പോൾ ഉന്നതപദവി നൽകേണ്ടിവരുമെന്നതിനാലാണ് തെറിപ്പിക്കാൻ നോക്കിയത്. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ റിഫോംസ് വകുപ്പ് രൂപീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി.അശോകിനെ നിയമിക്കാൻ ഉത്തരവ് ഇറക്കിയിരുന്നു. ഇതടക്കം റദ്ദാക്കി. കേഡർ തസ്തികകളുടെ പേര് മാറ്റിയോ പുനർനാമകരണം ചെയ്തോ തത്തുല്യമായ മറ്റ് തസ്തികകൾ സൃഷ്ടിച്ചോ അനധികൃതമായി നിയമനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.

അജിത്കുമാറിനെ

നീക്കണം

കൊച്ചി: എക്സൈസ് കമ്മിഷണർ, ഐ.എം.ജി ഡയറക്ടർ ജനറൽ, കില ഡയറക്ടർ ജനറൽ എന്നിവ ഐ.എ.എസ് കേഡർ തസ്തികകളാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ സി.എ.ടി ഉത്തരവിൽ വ്യക്തമാക്കി. ഇതാേടെ, ഐ.പി.എസ് ഉദ്യോഗസ്ഥനായ എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാറിനെ മാറ്റേണ്ടിവരും. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. ജയകുമാറിനെ ഐ.എം.ജിയിലും ജോയ് ഇളമണിനെ കിലയിലും ഡയറക്ടറാക്കിയതും ഹർജിക്കാർ ചോദ്യംചെയ്തിരുന്നു. തർക്കത്തെ തുടർന്ന് ഇരുവരും സ്ഥാനമൊഴിഞ്ഞിരുന്നു.

ചട്ടങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ അപ്പീലുമായി പോയാൽ അസോസിയേഷനും കോടതിയിലെത്തും

ഡോ.ബി.അശോക്

TAGS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.