
കൊല്ലം: മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന സെക്രട്ടറി മാരിയത്തിന്റെ കാലൊടിഞ്ഞു. ഇടതു കണങ്കാലിൽ രണ്ട് പൊട്ടലുണ്ട്. ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് യു.വാഹിദ എന്നിവർക്കും പരിക്കേറ്റു.
ഫാത്തിമ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിനുസമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. സമരം നീണ്ടതോടെ ഇവരെ അറസ്റ്റുചെയ്ത് നീക്കാൻ തുടങ്ങി. ഇതിനിടെ പൊലീസുമായുണ്ടായ പിടിവലിക്കിടെ നിലത്തുവീണാണ് മാരിയത്തിന് പരിക്കേറ്റത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ, ശസ്ത്രക്രിയയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മാർച്ച് കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ.നജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫേബ സുദർശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് യു.വാഹിദ, സംസ്ഥാന ഭാരവാഹികളായ സുനിത സലിം കുമാർ, പ്രഭ, ജലജ, സുവർണ, ഷീജ, ആശ, ശശികല, ശോഭ പ്രശാന്ത്, മഞ്ജു, സബീന, ഹക്കീമ, നസീഹ, രാഹുമത്, സിന്ധു ഗോപൻ, ഇന്ദിര, ആതിര, ജയശ്രീ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |