SignIn
Kerala Kaumudi Online
Thursday, 23 April 2026 10.55 PM IST

കൊവിഡിന് ശേഷം ലോകം മറ്റൊരു വൈറസ് ഭീഷണി നേരിടും; മനുഷ്യകോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള വകഭേദമെന്ന് ഗവേഷകർ

Increase Font Size Decrease Font Size Print Page
bat-alphacoronavirus

മനുഷ്യരാശിയെ മുൾമുനയിൽ നിർത്തിയ കൊവിഡ് മഹാമാരിക്ക് ശേഷം ലോകം മറ്റൊരു വൈറസ് ഭീഷണി നേരിടുമെന്ന് ശാസ്ത്രലോകം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള മുന്നറിയിപ്പ് നൽകുകയാണ് ഗവേഷകർ. വവ്വാലുകളിൽ കണ്ടെത്തിയ 'KY43' എന്ന് പേരിട്ടിരിക്കുന്ന പുതിയ കൊറോണ വൈറസാണ് ഭീതി പരത്തുന്നത്.

എന്താണ് 'KY43' വൈറസ്

വവ്വാലുകളിൽ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസ് മനുഷ്യകോശങ്ങളിൽ പ്രവേശിക്കാൻ ശേഷിയുള്ളതാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കിഴക്കൻ ആഫ്രിക്കയിലെ വവ്വാലുകളിലാണ് ഗവേഷകർ പഠനം നടത്തിയിരിക്കുന്നത്. കെനിയ, സുഡാൻ, ടാൻസാനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഹാർട്ട്‌നോസ്ഡ്' വവ്വാലുകളിലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം കൂടുതലായി കണ്ടെത്തിയത്. ഇത് 'ആൽഫ കൊറോണ വൈറസ്' വിഭാഗത്തിൽപ്പെട്ടതാണ്.

സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന വൈറസുകൾക്ക് മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാൻ പ്രത്യേക 'താക്കോലുകൾ' ആവശ്യമാണ്. ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ, 'KY43' വൈറസിന് മനുഷ്യന്റെ ശ്വാസകോശത്തിലെ കോശങ്ങളുമായി ഒട്ടിപ്പിടിക്കാനും അവയ്ക്കുള്ളിലേക്ക് പ്രവേശിക്കാനും സാധിക്കുമെന്നാണ് കണ്ടെത്തൽ. ഒരു വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന്റെ ആദ്യ ഘട്ടമാണിത്. എന്നാൽഇത് മനുഷ്യരിൽ പടർന്നു തുടങ്ങിയോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് ഗവേഷകരുടെ മറുപടി. പ്രാഥമിക പരിശോധനയിൽ ഈ വൈറസ് നിലവിൽ മനുഷ്യരിലേക്ക് പടർന്നതായി തെളിവുകളില്ല. എന്നാൽ, മനുഷ്യരിലേക്ക് പടരാനുള്ള എല്ലാ ജനിതക ആയുധങ്ങളും ഈ വൈറസിന്റെ കൈവശമുണ്ടെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.


യുകെയിലെ പീർബ്രൈറ്റ് ഇൻസ്റ്റി‌റ്റ്യൂട്ടിലെ ഗവേഷകർ 'ലൈവ് വൈറസുകൾക്ക്' പകരം വൈറസുകളുടെ ജനിതക വിവരങ്ങൾ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. അവർ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുകൾ കൃത്രിമമായി നിർമ്മിക്കുകയും അവ മനുഷ്യകോശങ്ങളിലെ സ്വീകാരികളുമായി എങ്ങനെ പ്രതികരിക്കുന്നു എന്ന് പരിശോധിക്കുകയുമായിരുന്നു.


ലക്ഷക്കണക്കിന് വൈറസുകളിൽ ഒന്നുമാത്രമാണ് 'KY43'. ഇതിന് എപ്പോൾ വേണമെങ്കിലും മനുഷ്യരിലേക്ക് ചാടാനുള്ള കഴിവുണ്ട്. അത് എന്നാണെന്ന് പ്രവചിക്കാൻ കഴിയില്ലെങ്കിലും, മുൻകൂട്ടി തിരിച്ചറിഞ്ഞ സ്ഥിതിക്ക് നമുക്ക് വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വൈറസിന് മനുഷ്യകോശത്തിൽ പ്രവേശിക്കാൻ കഴിയുമെങ്കിലും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ നമ്മുടെ പ്രതിരോധ സംവിധാനത്തെ മറികടക്കേണ്ടതുണ്ട്. അതിന് ഈ വൈറസിന് കഴിയുമോ എന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. അതായത് വൈറസ് മനുഷ്യരിൽ എന്തുതരം രോഗമുണ്ടാക്കുമെന്ന് നിലവിൽ വ്യക്തമല്ല.

ലോകത്തിന് ലഭിച്ച ഒരു മുൻകൂർ മുന്നറിയിപ്പാണ് പുതിയ കണ്ടെത്തൽ. ഒരു രോഗം പടർന്നുപിടിച്ച ശേഷം ചികിത്സ തേടുന്നതിന് പകരം, അപകടകാരിയായേക്കാവുന്ന വൈറസിനെ അത് പടരുന്നതിന് മുൻപേ തിരിച്ചറിയാൻ ശാസ്ത്രത്തിന് കഴിഞ്ഞു. ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയൊരു വിപത്തിനെ തടയാൻ ഇതിലൂടെ മനുഷ്യനെ സഹായിക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

TAGS: EXPLAINER, BAT VIRUS, CORONA, GLOBAL THREAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.