SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.29 PM IST

കൈകോർത്ത് കേന്ദ്രവും സംസ്ഥാനവും; ശബരി പാത അതിവേഗം, പദ്ധതി മുന്നോട്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

Increase Font Size Decrease Font Size Print Page

rail

ന്യൂഡൽഹി/ തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ ഭൂപടത്തിലെ നിർണായക പദ്ധതിയായ അങ്കമാലി- ശബരിപാത മൂന്നു പതിറ്റാണ്ടിനുശേഷം മുന്നോട്ട്. സ്ഥലമേറ്റെടുക്കൽ നടപടികൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയിൽവേമന്ത്രി ഇന്നലെ പ്രഖ്യാപിച്ചതോടെ പദ്ധതി നടപ്പാവുമെന്ന് ഉറപ്പായി.

തിരുന്നാവായ- ഗുരുവായൂർ(35കി. മീ) പാതയ്‌ക്കായുള്ള നടപടികളും തുടങ്ങിയെന്ന് റെയിൽവേമന്ത്രി അറിയിച്ചു. ഇതിനു ഭൂമി ഏറ്റെടുക്കാനും സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടി. അതേസമയം, മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽപ്പാതയെ അനുകൂലിച്ച് റെയിൽവേമന്ത്രി നടത്തിയ പ്രതികരണം പ്രതീക്ഷ ഉണർത്തി. ശ്രീധരന്റെ പ്രവൃത്തികളെ എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കുന്നു എന്നായിരുന്നു മറുപടി. ഡി.പി.ആർ തയ്യാറാക്കാൻ പൊന്നാനിയിലെ വസതിയിൽ ശ്രീധരൻ ഇന്നലെ സ്വന്തമായി ഓഫീസ് തുറന്നു.

ശബരി പദ്ധതിയുടെ പകുതിച്ചെലവ് പങ്കിടാനും ഭൂമിയേറ്റെടുപ്പിനും സംസ്ഥാന സർക്കാർ അടുത്തയാഴ്ച ഉത്തരവിറക്കും. ഭൂമിയേറ്റെടുപ്പിന് വിജ്ഞാപനമിറക്കാൻ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലാകളക്ടർമാരുടെ യോഗം മന്ത്രി വി.അബ്ദുറഹിമാൻ ബുധനാഴ്ച വിളിച്ചു.

വിജ്ഞാപനമിറക്കാൻ പുതുക്കിയ അലൈൻമെന്റ് കളക്ടർമാർ അന്തിമമാക്കേണ്ടതുണ്ട്. കളക്ടർമാർ വിജ്ഞാപനമിറക്കിയാൽ ഭൂമിയേറ്റെടുക്കലിന് പണംഅനുവദിക്കും. സ്പെഷ്യൽ തഹസിൽദാർമാരെ ഭൂമിയേറ്റെടുക്കലിന് ചുമതലപ്പെടുത്താനും ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ പുനഃസ്ഥാപിക്കാനും റവന്യുവകുപ്പും നടപടിതുടങ്ങി. പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റെയിൽവേ അടുത്തിടെ റദ്ദാക്കിയിരുന്നു.

3,810 കോടിയുടെ ശബരി
1. പുതുക്കിയ എസ്റ്റിമേറ്റിൽ 3,810കോടിയാണ് പദ്ധതി തുക. 50%ആയ 1,905കോടി സംസ്ഥാനം വഹിക്കണം. ഈ വിഹിതമുപയോഗിച്ച് ഭൂമിയേറ്റെടുത്തു നൽകണം.

2. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 416ഹെക്ടറോളം ഭൂമിയേറ്റെടുക്കണം. 1,​400കോടിയോളം മുടക്കേണ്ടിവരും. 1997ൽപ്രഖ്യാപിച്ച പദ്ധതിയിൽ 7കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ചിട്ടുണ്ട്.

 111.48കി.മി:

ശബരിപാതയുടെ

ദൈർഘ്യം

₹286കോടി:

ഇതുവരെ ചെലവിട്ടത്

 കേരളത്തിന് റെയിൽവേ

വിഹിതം 3,795 കോടി

കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിന് 3,795 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. റെയിൽ പാതകളുടെ വികസനവുമായി ബന്ധപ്പെട്ട് നേരത്തേ 1,​975 കോടി അനുവദിച്ചിരുന്നു. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച 105 റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കാൻ പിന്തുണ തേടി മുഖ്യമന്ത്രിക്ക് കത്തയച്ചെന്നും പറഞ്ഞു.

ഡി.പി.ആറിലേക്ക് കടക്കുന്ന പദ്ധതികൾ

മംഗലാപുരം- ഷൊർണ്ണൂർ 3, 4 പാത (306കി. മീ)

ഷൊർണ്ണൂർ- കോയമ്പത്തൂർ 3,4 പാത (99കി. മീ)

ഷൊർണ്ണൂർ- എറണാകുളം മൂന്നാം പാത( 106കി. മീ)

കോട്ടയം വഴി എറണാകുളം കായംകുളം മൂന്നാം പാത (115കി. മീ): ഫീൽഡ് സർവെ ഉടൻ തുടങ്ങും

 കായംകുളം- തിരുവനന്തപുരം മൂന്നാം പാത (105 കി. മീ)

തുറവൂർ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ

 തിരുവനന്തപുരം- നാഗർകോവിൽ മൂന്നാം പാത (71കി. മീ): ലൈഡാർ സർവെ, ട്രാഫിക് സർവെ പുരോഗമിക്കുന്നു

 18,041 കോടി:

കേരളത്തിൽ പുരോഗമിക്കുന്ന

പദ്ധതികളിൽ ചെലവാക്കുന്നത്

TAGS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY