
പത്തനംതിട്ട: വേനൽമഴ വേണ്ടവിധം പെയ്യുകയോ കാലവർഷം നേരത്തെ എത്തുകയോ ചെയ്തില്ലെങ്കിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം പ്രതിസന്ധിയിലാകും. പദ്ധതിയുടെ ഭാഗമായ കക്കി, പമ്പ, മൂഴിയാർ ജലസംഭരണികളിൽ 28.77 % വെള്ളമേയുള്ളു. ഇപ്പോഴത്തെ നില അനുസരിച്ച് പരമാവധി 40 ദിവസം കൂടി വൈദ്യുതി ഉത്പാദിപ്പിക്കാനായേക്കും. വേനൽമഴ കുറഞ്ഞതുമൂലം സംഭരണികളിലേക്കുള്ള നീരൊഴുക്കു കുറഞ്ഞു. പല ഭാഗങ്ങളിലും ഉറവകൾ നേർത്ത വര പോലെയായി. ജൂൺ ആദ്യമെങ്കിലും കാലവർഷം തുടങ്ങി സംഭരണികളിലേക്ക് നല്ലതോതിൽ നീരൊഴുക്ക് ഉണ്ടായില്ലെങ്കിൽ വൈദ്യുതി ഉത്പാദനം തടസപ്പെടും.
വനപ്രദേശങ്ങളിൽ കാര്യമായ വേനൽ മഴ ഇക്കുറി ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ഇടവിട്ട് കനത്ത വേനൽ മഴ വനമേഖലയിൽ ലഭിച്ചിരുന്നു. ഇക്കുറി വനേതര ഭാഗങ്ങളിലെ കാലാവസ്ഥ പോലെയാണ് വനത്തിനുള്ളിലും.
ചെളി മാറ്റാത്തതും വിന
ഡാമുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാത്തത് വെള്ളത്തിന്റെ സംഭരണശേഷിയെ ബാധിച്ചിട്ടുണ്ട്. വർഷങ്ങളായി അടിഞ്ഞുകൂടിയ എക്കലും ചെളിയും ഡാമിന്റെ അടിത്തട്ട് ഉയർത്തി. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടി വലിയതോതിൽ ചെളി അടിഞ്ഞുകൂടിയിരുന്നു. ചെളി നീക്കുമെന്ന് പറഞ്ഞതല്ലാതെ നടപടിയുണ്ടായില്ല. ശബരിഗിരി ജലവൈദ്യുത പദ്ധതി 1966 ഏപ്രിൽ 18ന് കമ്മിഷൻ ചെയ്തശേഷം അണക്കെട്ടുകളുടെ പരിചരണം കാര്യമായി നടന്നിട്ടില്ല.
♦ ഡാമുകളിലെ ജലനിരപ്പ്
കക്കി
സംഭരണ ശേഷി (മില്യൺ ക്യുബിക് മീറ്ററിൽ) 446.51 . നിലവിൽ 160.70 (35.99%)
പമ്പ
സംഭരണ ശേഷി 31.15. നിലവിൽ 0.10 (0.32%)
മൂഴിയാർ
സംഭരണ ശേഷി 1.16. നിലവിൽ 0.58 (50%)
♦ ശബരിഗിരിയിൽ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉത്പാദനം 4 മില്യൺ യൂണിറ്റ്
വൈദ്യുതി ഉത്പാദനത്തിന് ഇപ്പോൾ പ്രതിസന്ധിയില്ല. നിലവിലെ രീതിയിൽ കുറഞ്ഞത് 40ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാം.
കെ.എസ്.ഇ.ബി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |