പത്തനംതിട്ട:ശബരിമല തീർത്ഥാടകരെ ആശങ്കയിലാക്കി, ഇക്കൊല്ലം മണ്ഡല - മകരവിളക്ക് കാലത്ത് ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് സർക്കാർ തീരുമാനം. സ്പോട്ട് ബുക്കിംഗ് പൂർണമായി നിറുത്തലാക്കും. ഇതോടെ ബുക്കിംഗ് ഇല്ലാതെ നേരിട്ട് നിലയ്ക്കലും പമ്പയിലും എത്തുന്ന ഭക്തർ മടങ്ങേണ്ടിവരുമെന്ന്ആശങ്ക.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് ഏറുമ്പോൾ പ്രതിഷേധവും സംഘർഷവും ഒഴിവാക്കാനാണിത്.എന്നാൽ സ്പോട്ട് ബുക്കിംഗ് ഇല്ലാതിരിക്കുകയും ഭക്തരെ തടയുകയും ചെയ്യുമ്പോൾ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത.
അന്യ സംസ്ഥാനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ബുക്ക് ചെയ്യാതെ നേരിട്ട് പമ്പയിലെത്തുന്നത്. ഇവരെ മല കയറാൻ അനുവദിക്കുമോ എന്നതിൽ വ്യക്തതയില്ല.
മുൻ വർഷങ്ങളിൽ പന്തളം, ചെങ്ങന്നൂർ, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടായിരുന്നു. തീർത്ഥാടനത്തിന്റെ അവസാന വേളയിൽ സ്പോട്ട് ബുക്കിംഗ് നിലയ്ക്കലും പമ്പയിലും മാത്രമാക്കിയിരുന്നു. കഴിഞ്ഞതവണ തിരക്കേറിയ ദിവസങ്ങളിൽ അയ്യായിരത്തിലേറെ ഭക്തർ പ്രതിദിനം ഇങ്ങനെ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.
എരുമേലിയിൽ നിന്ന് പരമ്പരാഗത പാത വഴി ഉൾവനത്തിലൂടെ നടന്നെത്തുന്ന സംഘങ്ങളും ഓൺലൈനിൽ ബുക്ക് ചെയ്യുന്നവരല്ല.കാരണം അവർക്ക് നിശ്ചിത സമയം പാലിക്കാൻ കഴിയില്ല. കഴിഞ്ഞ തവണ ഇങ്ങനെ വന്ന ഇരുപതിനായിരത്തിലേറെ പേർ പമ്പയിൽ സ്പോട്ട് ബുക്കിംഗ് നടത്തിയാണ് മല ചവിട്ടിയത്.
പ്രതിദിനം 80,000 പേർ
#ഓൺലൈൻ ബുക്കിംഗിലൂടെ പ്രതിദിനം 80000 പേർക്ക്
ദർശനം
#വെർച്ച്വൽ ക്യൂ ബുക്കിംഗിൽ വഴി തിരഞ്ഞെടുക്കാം.
നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം
ആശങ്കകൾ
ഓൺലൈൻ ബുക്കിംഗ് അറിയാതെ എത്തുന്നത് ആയിരക്കണക്കിന് അന്യസംസ്ഥാനക്കാർ
ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർ ഗതാഗതക്കുരുക്കിലോ മറ്റോ വൈകിയാൽ എന്തു ചെയ്യും.
നേരിട്ട് പമ്പയിൽ വരുന്നവരുടെ ദർശനം എങ്ങനെ
ബുക്കിംഗില്ലാതെ എരുമേലി വഴി നടന്നെത്തുന്നവരെ സന്നിധാനത്തേക്ക് വിടുമോ.
ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് മാത്രം ദർശനം എന്ന തീരുമാനം പുനഃപരിശോധിക്കണം. ഇതുൾപ്പെടെ തീർത്ഥാടനം സുഗമമാക്കാനുള്ള നിർദേശങ്ങൾ 9 ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ്
തീർത്ഥാടനത്തിന് എത്തുന്നവരെപ്പറ്റി ധാരണയുണ്ടാകാനാണ് പുതിയ ക്രമീകരണം. പരാതികൾ ലഭിച്ചാൽ ദേവസ്വം ബോർഡ് അനുഭാവപൂർവം പരിഗണിച്ച് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും
അഡ്വ. എ. അജികുമാർ,
ദേവസ്വം ബോർഡ് അംഗം
50 ലക്ഷം:
കഴിഞ്ഞ തവണത്തെ
തീർത്ഥാടകർ
(ദേവസ്വം ബോർഡിന്റെ കണക്ക്)
357.47 കോടി:
കഴിഞ്ഞ തവണത്തെ
വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |