ശബരിമല: നിർദ്ദിഷ്ട ശബരിമല റോപ് വേക്കായി പമ്പ ഹിൽടോപ്പിലെ 66 കെ.വി. വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കും.
പമ്പയിൽ റോപ് വേ സ്റ്റേഷനും ഓട്ടോമേറ്റഡ് വെയർഹൗസുകളും ഓഫീസുകളും നിർമ്മിക്കാനിരിക്കുന്ന സ്ഥലത്താണ് ഇപ്പോൾ വൈദ്യുതി ടവർ. അനുയോജ്യമായ സ്ഥലത്തേക്ക് ടവർ മാറ്റണമെന്നും കേബിളിലൂടെ വൈദ്യുതി എത്തിക്കാൻ സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം കമ്മിഷണർ വൈദ്യുതി ബോർഡിന് കത്തുനൽകും. മൂഴിയാർ പവർ ഹൗസിൽ നിന്നെത്തുന്ന വൈദ്യുതി ലൈനുകൾ തൊട്ടടുത്ത ടവറിൽ നിന്ന് വൈദ്യുതി കേബിളുകളിലേക്ക് മാറ്റി ഭൂമിക്കടിയിലൂടെ പമ്പ ഹിൽടോപ്പിലെ സബ് സ്റ്റേഷന് സമീപമുള്ള ടവറിലേക്ക് എത്തിക്കാനാകും. വനംവകുപ്പിന്റെ റാന്നി ഫോറസ്റ്റ് ഡിവിഷനിലാണ് റോപ് വേയുടെ പമ്പാ സ്റ്റേഷൻ വരുന്നത്. റോപ് വേ കടന്നുപോകുന്ന പമ്പാ നദിയുടെ മറുകര പെരിയാർ ടൈഗർ റിസർവ് വനമേഖലയാണ്. റോപ് വേ നിർമ്മാണത്തിന്റെ ഭാഗമായി
വനംവകുപ്പ് സ്ഥലപരിശോധന പൂർത്തിയാക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനും സ്റ്റേറ്റ് വൈൽഡ് ലൈഫ് ബോർഡിനും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സമയബന്ധിതമായി അന്തിമ അനുമതി നൽകുമെന്നാണ് സൂചന. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമാണ് റോപ് വേ.
തിരു. ദേവസ്വം ബോർഡ്
അംഗങ്ങളുടെകാലാവധി
മൂന്ന് വർഷമാക്കിയേക്കും
ടി.എസ് സനൽകുമാർ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ് . പ്രശാന്ത് , അംഗം അഡ്വ. എ.അജികുമാർ എന്നിവരുടെ കാലാവധി മൂന്ന് വർഷമായി നീട്ടിനൽകാനും, കാലാവധി പൂർത്തിയായ ബോർഡ് അംഗം ജി.സുന്ദരേശന് പകരം ചെങ്ങന്നൂർ സ്വദേശി അഡ്വ. സന്തോഷ് കുമാറിനെ നിയമിക്കാനും സർക്കാർ ആലോചന. സി.പി.എം ഏരിയാകമ്മിറ്റി അംഗം, പേരിശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ,പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സന്തോഷ് കുമാർ മന്ത്രി സജി ചെറിയാനുമായി ഏറെ അടുപ്പമുള്ളയാളാണ്.പുലിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്.
രണ്ടു വർഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി. അടുത്ത തീർത്ഥാടന കാലം ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് നിലവിലുള്ള അംഗങ്ങളുടെ കാലാവധി അവസാനിക്കും. മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ മുരളിക്ക് കാലാവധി നീട്ടിനൽകിയ മാതൃകയിൽ തിരുവിതാംകൂർ ദേവസ്വം അംഗങ്ങളുടെയും കാലാവധി നീട്ടാനാണ് സാദ്ധ്യത.
മുൻ വർഷങ്ങളെ അപേക്ഷിച്ച് പരാതി രഹിതവും സംതൃപ്തവുമായ ശബരിമല തീർത്ഥാടനകാലം ഒരുക്കാൻ കഴിഞ്ഞതും വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതും ബോർഡിനൊപ്പം സർക്കാരിനും നേട്ടമായി. ഇവ പരിഗണിച്ചാണ് കാലാവധി നീട്ടാൻ ആലോചിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |