കണക്കെടുക്കാൻ ഹൈക്കോടതി ഉത്തരവ്
മേൽനോട്ടം റിട്ട. ജസ്റ്റിസ് കെ.ടി. ശങ്കരന്
ദേവസ്വത്തിന്റെ വീഴ്ച അതീവ ഗുരുതരംകൊച്ചി: ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന സ്വർണമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ കണക്കും രജിസ്റ്ററുമില്ലാതെ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത് ചാക്കിൽകെട്ടി. സ്ട്രോംഗ് റൂമുകളിലടക്കം പരിശോധന നടത്തി പട്ടിക തയ്യാറാക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകി. കണക്കെടുപ്പിന്റെ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ കോടതി നിയോഗിച്ചു.
ആഭരണ വിദഗ്ദ്ധരുടെ സഹായത്തോടെയാകണം കണക്കെടുപ്പ്. റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം. കണക്കെടുപ്പിനുള്ള സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ദേവസ്വം ബോർഡിന്റെ വീഴ്ചകൾ ഗുരുതരമാണെന്നും സിസ്റ്റത്തിന്റെ പരാജയമാണെന്നും വിമർശിച്ചു. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും മുൻകൂർ അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയ്‌ക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസാണ് പരിഗണിക്കുന്നത്. പ്രാഥമിക അന്വേഷണ വിവരങ്ങൾ ദേവസ്വം വിജിലൻസ് കോടതിയെ അറിയിച്ചു. ഭക്തർ നൽകുന്ന ആഭരണങ്ങളും സ്വർണനാണയങ്ങളും സംബന്ധിച്ച വിവരങ്ങൾ രജിസ്റ്ററിലുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി.
ഇവ ലോക്കറിലും ചാക്കിൽക്കെട്ടിയും സ്ട്രോംഗ് റൂമിൽ വച്ചിട്ടുണ്ട്. എന്നാൽ, കൊടിമര, ദ്വാരപാലക ശില്പഭാഗങ്ങളുടെയും പീഠങ്ങളുടെയും വിവരം രജിസ്റ്ററിലില്ല. 1999ൽ ശ്രീകോവിൽ മേൽക്കൂരയടക്കം മോടിയാക്കുന്നതിന് എത്ര സ്വർണം ഉപയോഗിച്ചു എന്നതും രേഖകളിലില്ല. 30 കിലോയിലധികം സ്വർണം വേണ്ടി വന്നുവെന്നാണ് മേസ്തിരിമാരിൽ നിന്ന് അറിഞ്ഞത്.
ശില്പവും പീഠവും സ്ട്രോംഗ് റൂമിലില്ല
1.സ്വർണപ്പാളി കേസിൽ സ്പോൺസറുടെ ഇ-മെയിലിൽ പരാമർശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്ട്രോംഗ്‌റൂമിൽ കണ്ടെത്താനായില്ലെന്നും വിജിലൻസ്. രജിസ്റ്ററിൽ ഇതിന്റെ വിവരങ്ങളുമില്ല
2.ദേവസ്വം ഉദ്യോഗസ്ഥർ വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് കോടതി. പീഠങ്ങൾ സ്പോൺസറുടെ സഹോദരിയുടെ വീട്ടിൽ കണ്ടുവെന്നത് ഇതിന് തെളിവാണ്.
രത്നങ്ങൾ മുതൽ വൈരക്കല്ലു വരെ
രത്നങ്ങളും വൈരക്കല്ലുകളും പതിച്ച കിരീടവും, ആഭരണങ്ങളും സ്വർണം, വെള്ളി ദണ്ഡുകളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഭക്തർ സമർപ്പിക്കുന്നത്. ഏഴു ദിവസത്തിനകം മൂല്യം കണക്കാക്കി ഇൻഷ്വർചെയ്ത് സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്നാണ് ചട്ടം. മരാമത്ത് അസി.എൻജിനിയറുടെയും വിജിലൻസ് ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിദ്ധ്യത്തിലാകണം മൂല്യം നിർണയം. 16 ഇടങ്ങളിലാണ് ദേവസ്വം ബോർഡിന്റെ സ്ട്രോംഗ് റൂമുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |