
ശബരിമല: ശബരീശ ദർശനം നടത്തിയ പന്തളം രാജപ്രതിനിധി തിരുവാഭരണ സംഘത്തോടൊപ്പം മടങ്ങിയതോടെ ശബരിമല മകരവിളക്ക് ഉത്സവം സമാപിച്ചു. ഇന്നലെ രാവിലെ 5ന് നടതുറന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം നടത്തി. തിരുവാഭരണ വാഹകസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടർന്ന് പന്തളം കൊട്ടാരം പ്രതിനിധി പുണർതംനാൾ പി.എൻ.നാരായണ വർമ്മ സോപാനത്തെത്തി ദർശനം നടത്തി. ഈ സമയം സന്നിധാനത്ത് മറ്റാർക്കും ദർശനം അനുവദിച്ചിരുന്നില്ല. രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി, അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷ മാലയുമണിയിച്ച് യോഗ നിദ്രയിലാക്കി നടയടച്ചു. ശേഷം മേൽശാന്തി താഴെ തിരുമുറ്റത്തെത്തി ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം രാജപ്രതിനിധിയെ കാത്തുനിന്നു. ഉടവാളേന്തിയ പടക്കുറുപ്പിന്റെ അകമ്പടിയിൽ പതിനെട്ടാംപടി ഇറങ്ങിയെത്തിയ രാജപ്രതിനിധിക്ക് മേൽശാന്തി ശബരിമല ക്ഷേത്രത്തിന്റെ താക്കോൽക്കൂട്ടവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പണക്കിഴിയും കൈമാറി. ഇവ രണ്ടും ശബരിമല എ.ഒ ശ്രീനിവാസിന് മടക്കി നൽകി അടുത്ത ഒരു വർഷത്തെ ക്ഷേത്രകാര്യങ്ങൾ നിർവഹിക്കാൻ രാജപ്രതിനിധി നിർദ്ദേശിച്ചു. തുടർന്ന് പതിനെട്ടാം പടിക്കുമുന്നിൽ സാഷ്ടാംഗം പ്രണമിച്ച് തിരുവാഭരണ സംഘത്തോടൊപ്പം പന്തളത്തേക്ക് മടങ്ങി. 23ന് രാവിലെ പന്തളത്തെത്തും. പന്തളം കൊട്ടാരം നിർവാഹക സമിതി തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |