
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ജീവനക്കാരിലേക്കും അന്വേഷണം നീളുന്നു.കേസിൽ പിടിയിലായ സ്വർണം ഉരുക്കിയ സ്മാർട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ബണ്ടാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനനും ദേവസ്വം ജീവനക്കാരുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വലിയ സംഭാവനകൾ നൽകുന്നവരെന്ന നിലയിൽ പ്രതികൾക്ക് ദേവസ്വം ബോർഡിൽ വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ദേവസ്വം ജീവനക്കാരുമായുള്ള ബന്ധം വ്യക്തമാകും. വലിയൊരു കൊള്ള സംഘം രൂപപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിനും വ്യക്തമായിട്ടുണ്ട്.
മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, വിജയകുമാർ എന്നിവർക്ക് മേൽ കുരുക്ക് മുറുകുന്നു. ബണ്ടാരിയുടെയും ഗോവർദ്ധനൻെറയും മൊഴികൾ ഇവർക്ക് എതിരാണെന്നാണ് വിവരം. ബോർഡിലെ എല്ലാവർക്കും സ്വർണത്തിൻെറ കാര്യങ്ങൾ അറിയാമായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലുണ്ട്.
ശബരിമലയിലെ പാളികൾ സ്വർണം പൂശിയതാണെന്ന് ബണ്ടാരിയ്ക്കും ഗോവർദ്ധനനും അറിയാമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ പാളികൾ സ്മാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചു. ഈ സ്വർണം പ്രതികൾ എന്തു ചെയ്തുവെന്ന് കണ്ടെത്തണം. സ്മാർട് ക്രിയേഷൻസിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണത്തിൽ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നാണ് വിവരം. ഗോവർദ്ധനന്റെ കൈയ്യിൽ നിന്നും 470 ഗ്രാം സ്വർണം കണ്ടെത്തി.
കുറ്റബോധം തീർക്കാൻ അന്നദാനം
അയ്യപ്പൻെറ സ്വർണം കൊള്ളയടിച്ചതിന്റെ കുറ്റബോധം തീർക്കാൻ പ്രതികൾ ശബരിമലയിൽ അന്നദാനവും നടത്തി.ശബരിമലയിലെ 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്‌പോൺസർഷിപ്പിലൂടെ അന്നദാനം നടത്താനും, മാളികപ്പുറത്ത് മാല വാങ്ങാനായി 20 ലക്ഷം നൽകാനും ഉണ്ണികൃഷ്ണൻ പോറ്റി നിർദ്ദേശിച്ചെന്നുമാണ് ഗോവർദ്ധനൻ മൊഴി നൽകിയത്. പണം നൽകിയതിന്റെ തെളിവും നൽകി. സ്വർണം സ്മാർട് ക്രിയേഷനിൽ നിന്നും ഗോവർദ്ധനന്റെ പക്കലെത്തിച്ച കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |