SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.25 PM IST

ശബരിമല സ്വർണക്കൊള്ള കേസ്; നടൻ ജയറാമിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

Increase Font Size Decrease Font Size Print Page
jayaram

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ചോദ്യം ചെയ്യലിനായി എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇ ഡി) മുന്നിൽ ഇന്ന് ഹാജരായേക്കും. കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി കൊണ്ടുപോയ ശബരിമലയിലെ വാതിൽപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. പോറ്റിയുമായി ദീർഘകാല പരിചയം ജയറാമിനുണ്ട്. ഇവ സംബന്ധിച്ച വിശദീകരണമാണ് ഇ ഡി തേടുക.

ഇരുവരും തമ്മിൽ പണിമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ശബരിമലയിൽ വച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും മറ്റു ബന്ധങ്ങളില്ലെന്നുമാണ് ജയറാം വിശദീകരിച്ചത്. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നു. ശ്രീകോവിലിലെ കട്ടിളപാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തുവെന്നുമാണ് ജയറാം നേരത്തെ മൊഴി നൽകിയത്.

ജയറാമും പോറ്റിയും ചേർന്ന് പൂജ നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇ ഡി നടപടി. സ്വർണവാതിൽ, ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികൾ എന്നിവയുമായി ബന്ധപ്പെട്ട് 2019ൽ സ്വർണക്കൊള്ള നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019 മാർച്ച് മാസത്തിലാണ് പുതിയ വാതിൽ സമർപ്പിക്കുന്നത്. ജൂൺ മാസത്തിൽ കട്ടിളപ്പാളി നിർമ്മിച്ചു. സെപ്തംബറിൽ ദ്വാരപാലക പാളികൾ സമർപ്പിച്ചു. ഇതേ സമയത്ത് നടൻ ജയറാമിന്റെ വീട്ടിൽ സ്വർണപ്പാളികൾ എത്തിച്ച് പൂജിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ സ്മാർട്ട് ക്രിയേഷൻസിൽ നടക്കുന്ന പൂജയിൽ ജയറാം പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

TAGS: SABARIMALA, JAYARAM, ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY