
തിരുവനന്തപുരം: ശബരിമലയിൽ കൊടിമരം പുതുക്കിയത് അതിലുണ്ടായിരുന്ന സ്വർണവും അമൂല്യമായ വിഗ്രഹങ്ങളും ലക്ഷ്യമിട്ടാണെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതോടെ 2017ൽ കൊടിമരം മാറ്റിയവേളയിൽ അധികാരത്തിലിരുന്ന ദേവസ്വം ഭരണ സമിതിയും ചോദ്യമുനയിലായി. ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അടുത്ത അന്വേഷണ പുരാേഗതി റിപ്പോർട്ടിൽ വിഷയം ഉൾപ്പെടുത്തുമെന്നാണ് സൂചന.
കൊടിമരത്തിന്റെ ചുവടുഭാഗം ദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് 2017ഫെബ്രുവരിയിൽ പഴയത് മാറ്റിയത്. കോൺഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ബോർഡായിരുന്നു അപ്പോൾ. ദേവപ്രശ്നം നടത്തിയ ശേഷമായിരുന്നു കൊടിമരമാറ്റം. 1971ൽനിർമ്മിച്ച പഴയ കൊടിമരത്തിൽ കിലോക്കണക്കിന് സ്വർണം പൊതിഞ്ഞിരുന്നു. പൊളിച്ചപ്പോഴാണ് കൊടിമരം കോൺക്രീറ്റാണെന്നും ഉറുമ്പുപോലും കയറിയിട്ടില്ലെന്നും വ്യക്തമായത്. അന്നത്തെ തന്ത്രിയുടെ എതിർപ്പ് മറികടന്നായിരുന്നു കൊടിമരമാറ്റം.
എൽ.ഡി.എഫ് കാലത്തെ രണ്ടു ബോർഡുകളാണ് നിലവിൽ അന്വേഷണം നേരിടുന്നത്. 2019ലെ സ്വർണക്കൊള്ളയിൽ എ.പത്മകുമാർ പ്രസിഡന്റായ അന്നത്തെ എൽ.ഡി.എഫ് ഭരണ സമിതി ഒന്നടങ്കം അറസ്റ്റിലായിക്കഴിഞ്ഞു. 2025ൽ ഉണ്ണികൃഷ്ണൻപോറ്റിക്ക് ശില്പപാളികൾ സ്വർണംപൂശാൻ നൽകിയതിന് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്ത്, അംഗമായിരുന്ന എ.അജികുമാർ എന്നിവരും കുരുക്കിലാണ്. പ്രശാന്തിനെ കഴിഞ്ഞദിവസം ചോദ്യംചെയ്തു. വീണ്ടും ഹാജരാകാൻ നോട്ടീസയച്ചു. അജികുമാറിനെയും ചോദ്യംചെയ്യും.
രേഖകൾ അടക്കം നശിപ്പിച്ചു
പഴയ കൊടിമരത്തിലെ ലോഹം ഉരുക്കിമാറ്റണമെന്നാണ് ചട്ടം. കൊടിമരത്തിലുണ്ടായിരുന്ന വിഗ്രഹങ്ങളടക്കം സ്ട്രോംഗ്‌റൂമിലേക്ക് മാറ്റിയിരുന്നെങ്കിലും ഇപ്പോഴവ കാണാനില്ല. കൊടിമരത്തിലെ സ്വർണത്തിന്റെയും വിഗ്രഹങ്ങളുടെയും രേഖകളുണ്ടായിരുന്ന രജിസ്റ്ററും നശിപ്പിക്കപ്പെട്ടു. പഞ്ചലോഹത്തിൽ നിർമ്മിച്ച് സ്വർണം പൊതിഞ്ഞ 11കിലോ തൂക്കമുള്ള വാജിവാഹനം കടത്തിയതിന് പുറമെ അഷ്ടദിഗ്‌പാലകരുടെ വിഗ്രഹങ്ങൾ, ആലിലരൂപങ്ങൾ അടക്കം അപ്രത്യക്ഷമായി. ആന്ധ്രയിലെ വൻവ്യവസായിക്ക് നൽകിയ വാജിവാഹനം, സ്വർണക്കൊള്ളയിൽ അന്വേഷണം വന്നതോടെ തിരികെവാങ്ങിയെന്നാണ് കണ്ടെത്തൽ. തന്ത്രി കണ്‌ഠരര് രാജീവരുടെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്ത വാജിവാഹനം എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം പ്രയാർഗോപാലകൃഷ്ണനും ബോർഡ് അംഗമായിരുന്ന അജയ്‌തറയിലും ചേർന്നാണ് തന്ത്രി കണ്‌ഠരര് രാജീവർക്ക് കൈമാറിയത്. പഞ്ചലോഹത്തിൽ നിർമ്മിച്ച് തങ്കംപൊതിഞ്ഞതാണ് വാജിവാഹനം.
പ്രശാന്തിനും കുരുക്ക്
2019ൽ തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണൻപോറ്റിക്ക് 2025ലും ശില്പ പാളികൾ സ്വർണം പൂശാൻ നൽകിയതാണ് പ്രശാന്തിന് കുരുക്കായത്. ഹൈക്കോടതിയെ അറിയിക്കാതെ അറ്റകുറ്റപ്പണി നടത്താൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ വീഴ്ചയാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. രണ്ടുവട്ടം പ്രശാന്തിനെ ചോദ്യംചെയ്തു. വീണ്ടുംനോട്ടീസ് നൽകിയിരിക്കുകയാണ്. അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയ ശിൽപ്പപാളികൾ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരിച്ചെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |