
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ, ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജിയിൽ അതീവജാഗ്രതയോടെ നീങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി. രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം നിലപാടിൽ പിന്നാക്കം പോകാനാണ് സാദ്ധ്യത. ദേവസ്വം ബോർഡിനെ മുന്നിൽ നിറുത്തിയാകും കരുനീക്കം.
ഇന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കാനുള്ള ഒൻപതംഗ വിശാലബെഞ്ചിന്റെ രൂപീകരണവും സിറ്റിംഗ് തുടങ്ങാനുള്ള തീയതിയും പ്രഖ്യാപിച്ചേക്കും. തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഒൻപതംഗ ബെഞ്ചാണ്.
സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീ പ്രവേശനത്തെ എതിർത്ത് സുപ്രീംകോടതിയെ സമീപിക്കുകയും തെരുവിൽ നാമജപറാലികൾ സംഘടിപ്പിക്കുകയും ചെയ്ത എൻ.എസ്.എസിനെ ആഗോള അയ്യപ്പ സംഗമത്തിലൂടെ സർക്കാർ സൗഹൃദവലയത്തിലാക്കിയിരുന്നു. നിലപാട് മാറ്റിയില്ലെങ്കിൽ എൻ.എസ്.എസ് തിരിയും.
സ്ത്രീ പ്രവേശനം പാടില്ലെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാട് തിരുത്തിയാണ് ഒന്നാം പിണറായി സർക്കാർ സ്ത്രീപ്രവേശന വിധി നേടിയെടുത്തത്. വീണ്ടും പിണറായി സർക്കാർ തന്നെ പ്രവേശനം വേണ്ടെന്ന വാദവുമായി കോടതിയെ സമീപിക്കുന്നത് വിമർശനം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയുമുണ്ട്. കോടതിപോലും അക്കാര്യം ചൂണ്ടിക്കാട്ടി വിമർശിച്ചേക്കാം.
പക്ഷേ, സർക്കാരിന് രാഷ്ട്രീയ സാഹചര്യം കണ്ടില്ലെന്ന് നടിക്കാനാവില്ല. ശബരിമല സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ മൂന്ന് പ്രധാനപ്പെട്ട നേതാക്കളാണ് അഴിക്കുള്ളിലായത്. മുൻ ഭരണസമിതിയും സംശയ നിഴലിലാണ്. ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളിലും ചോദ്യശരങ്ങൾ നേരിടുകയാണ്. ഇനിയും വിശ്വാസികളുടെ അപ്രീതി വരുത്തിവയ്ക്കുന്ന നടപടി പാടില്ലെന്ന ചിന്ത സർക്കാരിലും പാർട്ടിയിലും ശക്തമാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് നിലപാട്
വേണ്ടിവരില്ലെന്ന് പ്രതീക്ഷ
1. ഇന്ന് ഹർജി പരിഗണിക്കുമ്പോൾ, സ്ത്രീ പ്രവേശനം അനുവദിക്കാൻ വാദിച്ച അഭിഭാഷകൻ ജയദീപ് ഗുപ്ത തന്നെ സർക്കാരിന് വേണ്ടി ഹാജരാകും.
2. ഒൻപതംഗ ബെഞ്ചിന്റെ ആദ്യസിറ്റിംഗിൽ വാദംകേൾക്കൽ തീയതി പ്രഖ്യാപനം നടത്തുമ്പോൾ നീട്ടി ചോദിക്കാം. നിലപാടിൽ സാവകാശം തേടാം. അതോടെ തിരഞ്ഞെടുപ്പ് കടന്നുകിട്ടുമെന്നാണ് പ്രതീക്ഷ.
3. അഥവാ ബെഞ്ച് വാദത്തിലേക്ക് കടന്നാൽ, വിശ്വാസികളുടെ വികാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിനെ കൊണ്ടു പറയിപ്പിക്കാം.
സ്ത്രീപ്രവേശന വിഷയത്തിൽ ഒരുനിമിഷം കൊണ്ട് എടുക്കാവുന്നതല്ല സർക്കാർ നിലപാട്. പുനഃപരിശോധനാ ബെഞ്ച് വന്നശേഷം നിലപാട് അറിയിക്കും.
-പി.രാജീവ്,
നിയമമന്ത്രി
സർക്കാർ കോടതിയിൽ പറയുന്ന കാര്യം എനിക്ക് പറയാനാവില്ല. കോടതി പറയുന്ന നിലപാടാണ് ഞങ്ങൾക്കും.
എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സർക്കാർ പുതിയ തീരുമാനമെടുത്താൽ സ്വാഗതം ചെയ്യും.
-വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
നിലപാട് തിരുത്താതെ സർക്കാരിന് മുന്നോട്ടു പോകാനാവില്ല.
കെ.സി.വേണുഗോപാൽ,
എ.ഐ.സി.സി ജന. സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |