തൃശൂർ: സാഹിത്യോത്സവത്തിലെ പ്രതിഫലം സംബന്ധിച്ച വിവാദത്തിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടി സ്വീകരിച്ചതായി സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചുള്ളിക്കാടിന്റെ കുറിപ്പ് വാട്സ്ആപ്പിൽ പ്രചരിച്ചതോടെയാണ് സച്ചിദാനന്ദന്റെ വിശദീകരണം. അക്കാഡമി അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്ന് സംഭവിച്ച പ്രശ്‌നമാണിത്. കിലോമീറ്റർ കണക്കാക്കിയാണ് പ്രതിഫലം നൽകാറ്. ആ രീതി തന്നെ യാന്ത്രികമായി തുടർന്നു. ഇക്കാര്യം തനിക്കോ സെക്രട്ടറിക്കോ അറിയില്ലായിരുന്നു. വാട്‌സ്ആപ്പിൽ ചുള്ളിക്കാടിന്റെ സന്ദേശം തനിക്ക് ലഭിച്ചിരുന്നു. ഇതൊരു പൊതുപ്രശ്‌നമാണെന്ന് ചുള്ളിക്കാട് തന്നോട് പറയുകയും ചെയ്തു. സിനിമാതാരങ്ങൾക്ക് ലഭിക്കുന്ന പണം എഴുത്തുകാർക്ക് കിട്ടുന്നില്ല. സാഹിത്യം പല കലകളേക്കാൾ താഴെയാണെന്ന തോന്നലുണ്ടാക്കുന്നതാണത്. അതാണ് അദ്ദേഹം ഉന്നയിച്ചത്. തനിക്കും ആ അഭിപ്രായമാണുള്ളതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അതേസമയം സാഹിത്യ അക്കാഡമി പ്രതിഫലവിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് മറുപടിയായി ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് സച്ചിദാനന്ദൻ പിൻവലിച്ചു. പൈസ വാങ്ങാതെ അനേകം പരിപാടിക്ക് പോയിട്ടുണ്ടെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |