ന്യൂഡൽഹി : തന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ സി.പി.എം നേതാവ് പി.ജയരാജൻ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് ഉത്തരവിട്ട് സുപ്രീംകോടതി. പ്രതികളായ ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്ക് നോട്ടീസ് അയക്കാനാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ കുനിയിൽ ഷനൂബ്, തൈക്കണ്ടി മോഹനൻ, പാര ശശി, ജയപ്രകാശൻ, കടിച്ചേരി അജി, കൊയ്യോൻ മനു എന്നിവർക്ക് പുറമെ ഒരു വർഷം തടവു ശിക്ഷ ലഭിച്ച ചിരുക്കണ്ടോത്ത് പ്രശാന്തും നിലപാട് അറിയിക്കണം. പ്രശാന്തിന് വിചാരണക്കോടതി വിധിച്ച പത്തു വർഷം തടവ് ഒരുവർഷമാക്കി ഹൈക്കോടതി കുറയ്ക്കുകയായിരുന്നു. ജയരാജന്റെ ഹർജി മാർച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും. 1999 ആഗസ്റ്ര് 25ന് തിരുവോണ നാളിലാണ് പി.ജയരാജനെ കണ്ണൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
വാറന്റ് അയക്കണമെന്ന് സർക്കാർ
ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ കഴിഞ്ഞ മേയ് ഏഴിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, കുറ്റവിമുക്തരാക്കപ്പെട്ടവർ ഇതുവരെ മറുപടി സമർപ്പിച്ചില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചു. കേസ് നടപടികൾ വൈകിപ്പിക്കാനാണ് ശ്രമം. വാറന്റ് അയക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കോടതി പ്രതികരിച്ചില്ല.
റിപ്പോർട്ടർ ചാനൽ മുൻകൂർ
ജാമ്യഹർജി നൽകി
കൊച്ചി: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെയുള്ള പോക്സോ കേസിൽ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, സബ് എഡിറ്റർ ഷഹബാസ് എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തിങ്കളാഴ്ച ഹർജി പരിഗണിക്കും. ചാനലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിനെ ഉൾപ്പെടുത്തി തയ്യാറാക്കിയ പരിപാടിയും ഇതുമായി ബന്ധപ്പെട്ട് അരുൺകുമാറും സഹപ്രവർത്തകരും നടത്തിയ സംഭാഷണവുമാണ് വിവാദമായത്. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു. ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസുമെടുത്തു.
മാജിക് മഷ്റൂം ലഹരി
മരുന്നല്ല: ഹൈക്കോടതി
കൊച്ചി: മാജിക് മഷ്റൂമിനെ ലഹരിമരുന്നായോ ലഹരിമരുന്ന് കലർത്താൻ കഴിയുന്ന മിശ്രിതമായോ കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. മാജിക് മഷ്റൂം ഉൾപ്പെടെ കൈവശംവച്ചതിന് ഒക്ടോബർ നാലിന് മാനന്തവാടിയിൽ പിടിയിലായ കർണാടക സ്വദേശി രാഹുൽറായിക്ക് ജാമ്യം അനുവദിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
6.59 ഗ്രാം ചരസ്, 13.2 ഗ്രാം കഞ്ചാവ്, 226 ഗ്രാം സിലോസൈബിൻ എന്നിവ കലർന്ന മാജിക് മഷ്റൂം ക്യാപ്സൂളുമായാണ് ഹർജിക്കാരൻ പിടിയിലായത്. ചരസും കഞ്ചാവും അളവിൽ കുറവും മാജിക് മഷ്റൂമിലെ ലഹരിയുടെ അളവും കുറവായതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദമെങ്കിലും അനുവദിക്കാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. തുടർന്നാണ് ലഹരിമരുന്നുകളുടെ ഗണത്തിൽ വരുന്നതല്ല മാജിക് മഷ്റൂമെന്ന് കോടതി വിലയിരുത്തിയത്. യു.എസിൽ ജോലിചെയ്യുന്ന ഹർജിക്കാരൻ കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിടരുതെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |