തിരുവനന്തപുരം: സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അദ്ധ്യാപകരുടേയും ഉദ്യോഗസ്ഥരുടേയും മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
എട്ടാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ പ്രഥമാദ്ധ്യാപിക എഫ്.സുജയെ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്തു. മന്ത്രി ശിവൻകുട്ടി കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി നടപടി സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം മറുപടി നൽകണം. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം തേവലക്കര സ്കൂൾ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാം. സുരക്ഷാവീഴ്ച വരുത്തുന്ന മാനേജ്മെന്റുകളിൽ നിന്ന് സ്കൂളുകൾ ഏറ്റെടുക്കാനും അംഗീകാരം റദ്ദാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മിഥുന്റെ കുടുംബത്തിന്
മൂന്നുലക്ഷം നൽകും
ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി അക്കൗണ്ടിൽ നിന്ന് മൂന്നുലക്ഷം രൂപ നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ മാനേജ്മെന്റും ധനസഹായം നൽകണമെന്ന് നിർദ്ദേശം നൽകി. മുഖ്യമന്ത്രി കൂടുതൽ ധനസഹായം പ്രഖ്യാപിക്കും. സഹോദരന് പന്ത്രണ്ടാം ക്ലാസുവരെ പരീക്ഷാഫീസ് അടക്കമുള്ള ചെലവുകൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകും.
അനാസ്ഥയിൽ വീണ്ടും
കെട്ടിടങ്ങൾ വീഴുന്നു
1. കടമ്മനിട്ടയിൽ സ്കൂൾകെട്ടിടം തകർന്നുവീണു. രാത്രിയിലായതിനാൽ ദുരന്തമൊഴിവായി. നവകേരള സദസിലുൾപ്പെടെ അപകടാവസ്ഥയെക്കുറിച്ച് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
2. പയ്യന്നൂർ ഉപജില്ലാഓഫീസ് വളപ്പിലെ ബി.ആർ.സി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. ഭിന്നശേഷി കുട്ടികൾക്കായുള്ള സെന്റർ, എ.ഇ.ഒ ഓഫീസ്, സ്കൂളിന്റെ സൈക്കിൾ പാർക്കിംഗ് എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ്. മഴയെത്തുടർന്ന് റെഡ്അലർട്ട് പ്രഖ്യാപിച്ചതിനാൽ സ്കൂളിന് അവധിയായിരുന്നു.
മിഥുനില്ല, ജീവനറ്റ് വിളന്തറ എഫ്.സി
കൊല്ലം: മലക്കുഴി ഗ്രൗണ്ടിൽ ഇന്ന് പന്തുരുളേണ്ടതായിരുന്നു. വിളന്തറ എഫ്.സിയും ടൈറ്റൻസും കൊമ്പുകോർക്കുന്ന അവധി ദിനം. പക്ഷേ, എഫ്.സിയുടെ നെടുംതൂണായ മിഥുൻ മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുന്നു. കളിയാവേശത്തിന്റെ ആർപ്പുവിളിയല്ല, ഇന്നുയരുക പ്രിയതോഴനെ നിത്യതയിലേക്ക് യാത്രയാക്കുന്ന കൂട്ടനിലവിളിയാകും.തേവലക്കര സ്കൂളിൽ ഷോക്കേറ്റു മരിച്ച മിഥുന്റെ വീട്ടുമുറ്റത്താണ് ഗ്രൗണ്ട്. സ്കൂൾ കുട്ടികൾ അംഗങ്ങളായ രണ്ട് ഫുട്ബാൾ ക്ളബ്ബുകൾ.
വിളന്തറ എഫ്.സിയുടെ കരുത്തനായ പ്രതിരോധമായിരുന്നു മിഥുൻ. അവനെ മറികടന്ന് പന്ത് പോസ്റ്റിലെത്തിക്കാൻ ഏറെ വിയർത്തിരുന്നു എതിരാളികൾ. ദിവസവും വൈകിട്ടായിരുന്നു പ്രാക്ടീസ്. സ്കൂൾ വിട്ട് വന്നാലുടൻ മിഥുനും കൂട്ടരും ഗ്രൗണ്ടിലെത്തും. ശനിയും ഞായറും മത്സരമുണ്ടാവും. പിന്നെ, ശാസ്താംകോട്ട തടാകത്തിൽ ചൂണ്ടയിടലും കുളിയും.
മിഥുന്റെ വേർപാട് കൂട്ടുകാരെ ആകെ തളർത്തി. ഗ്രൗണ്ടിനരികെ സങ്കടപ്പെട്ടിരിക്കുകയാണ് വിളന്തറ എഫ്.സിയിലെ വിശ്വയും ആരോമലും ചൈത്രനും കാർത്തിക്കും കൃഷ്ണനാഥുമൊക്കെ. ഇനി ഉടനൊന്നും കളിക്കാനുള്ള ഊർജം അവർക്കില്ല.
ഫുട്ബോളിലും ഷട്ടിൽ ബാഡ്മിന്റണിലുമൊക്കെ തിളങ്ങിയിരുന്ന മിഥുന്റെ ഏറ്റവും വലിയ സ്വപ്നം പട്ടാളക്കാരനാവണം എന്നതായിരുന്നു. ഇക്കാര്യം അച്ഛനോടും അമ്മയോടും കൂട്ടുകാരോടുമൊക്കെ എപ്പോഴും പറയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |