തിരുവനന്തപുരം: പൂർണമായും കാഴ്ചയില്ലാത്ത മലപ്പുറം പാലപ്പെട്ടി ഗവ. എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസുകാരൻ മുഹമ്മദ് റിഫൈനിഷ്ടം പാട്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഒരു മില്ല്യൺ ലൈക്കുള്ള പാട്ട് ചിട്ടപ്പെടുത്തിയ റിഫൈൻ അസലായി പിയാനോയും വായിക്കും. ആർട്സ് മാത്രം മതിയോ സ്പോർട്സും വേണ്ടേ എന്ന സ്കൂളിലെ മിഥില ടീച്ചറിന്റെ ചോദ്യമാണ് ഇന്നലെ റിഫൈനിനെ സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ളൂസീവ് വിദ്യാർത്ഥികളുടെ സ്റ്റാൻഡിംഗ് ജമ്പ് വേദിയിലെത്തിച്ചത്.
14 വയസിന് മുകളിലുള്ളവരുടെ ഇനത്തിൽ മലപ്പുറം ടീമിനായാണ് റിഫൈൻ ഇറങ്ങിയത്.ആദ്യ രണ്ട് ചാട്ടത്തിനും ചുവന്നകൊടി ഉയർന്നു. മൂന്നാംശ്രമത്തിൽ 1.99 മീറ്റർ ചാടി. ടീമിന് മെഡൽ കിട്ടിയില്ലെങ്കിലും കൂരിരുട്ടായ ജീവിതത്തിൽ നിന്ന് 'ചാടിക്കടക്കണമെങ്കിൽ " മൂലയ്‌ക്കൊതുങ്ങിയിട്ട് കാര്യമില്ല ; തലയുയർത്തി മുന്നോട്ടുവരണമെന്നും പോരാടണമെന്നുമുള്ള പാഠം പഠിച്ചെന്ന് റിഫൈൻ പറയുന്നു.
കാഴ്ചയില്ലാത്തത് ഒരു കുറവല്ല
നാട്ടുകാരനായ പ്രജോദ് മാഷ് മുൻകൈ എടുത്ത് നാലാം ക്ലാസുമുതലാണ് റിഫൈനിനെ സ്‌കൂളിലെത്തിച്ചത്. സർക്കാർ സ്‌കൂളിൽ മറ്റ് കുട്ടികൾക്കൊപ്പമുള്ള പഠനം മാറ്റങ്ങൾ കൊണ്ടുവന്നു. അന്ധത ഒരു കുറവല്ലെന്ന് പഠിച്ചു. പാട്ടുകളും കവിതകളും പ്രിയപ്പെട്ടതായി. ലോകം അറിയുന്ന സംഗീത സംവിധായകനായി കുടംബത്തെ കരകയറ്റണമെന്നാണ് ലക്ഷ്യം. പാട്ടുകൾ പാടി സ്വന്തം ഇൻസ്റ്രാഗ്രാം അക്കൗണ്ടിൽ ഇടുന്നതാണ് ഹോബി. സംഗീതം ശാസ്ത്രീയമായി പഠിക്കണമെന്നും ആഗ്രഹമുണ്ട്.
ഒരുമാസമായി സ്റ്റാൻഡിംഗ് ലോംഗ് ജമ്പ് പരിശീലനത്തിലായിരുന്നു. മലപ്പുറം പാലപ്പെട്ടി പുതുവീട്ടിൽ പരേതനായ മുഹമ്മദ് ആമിനക്കുട്ടി എന്നിവരാണ് മാതാപിതാക്കൾ. ഇവർക്കൊപ്പം സഹോദരങ്ങളായ റംല, റംസി, ഹസീന,അൻസാർ
എന്നിവർ നൽകുന്ന പിന്തുണയാണ് റിഫൈനിന്റെ ആത്മബലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |