
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മുഖ്യവേദി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ന് പുലർച്ചെയാണ് സുരേഷ് ഗോപി തേക്കിൻകാട് മൈതാനത്തെ മുഖ്യവേദിയിലെത്തിയത്. കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയ മന്ത്രി ഊട്ടുപുരയും സന്ദർശിച്ചു.
'2026ലെ തൃശൂർ പൂരത്തിന്റെ കർട്ടൻ റെയ്‌സർ ആയിരിക്കും കലോത്സവം. പൂരം കാണുന്നതുപോലെ ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കും. എല്ലാത്തിലും രാഷ്ട്രീയം കാണുന്നതാണ് പ്രശ്‌നം. രാഷ്ട്രം എന്നുവിചാരിച്ചാൽ മതി. താമരയോട് എങ്ങനെയാണ് രാഷ്ട്രീയം കാണാൻ കഴിയുന്നത്. പൂജാ പുഷ്‌പമാണ് താമര. കുളത്തിൽ താമര വിരിഞ്ഞ് നിൽക്കുന്നത് കാണുമ്പോൾ അത് നോക്കി നിൽക്കുകയല്ലാതെ ആരെങ്കിലും പെട്രോളൊഴിച്ച് കത്തിക്കുമോ? വേദികളുടെ പേരിൽ നിന്ന് താമരയെ ഒഴിവാക്കാനുള്ള തീരുമാനം എടുക്കുന്നതിന് സംഘാടകരെ ആരെങ്കിലും വഴിതെറ്റിച്ചതാകാനാണ് സാദ്ധ്യത. കലയുടെ ലോകത്ത് രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല'- സുരേഷ് ഗോപി പറഞ്ഞു.
64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിലാണ് നടക്കുന്നത്. നാളെ മുതൽ 18 വരെ 25 വേദികളിലായി 249 ഇനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കും. തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടാണ് പ്രധാനവേദി. 25 വേദികൾക്കും പൂക്കളുടെ പേരാണ് നൽകിയിട്ടുള്ളത്. ഉത്തരവാദിത്വ കലോത്സവം എന്നതാണ് ആപ്തവാക്യം. 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന ദിവസം ഇലഞ്ഞിത്തറ മേളവും കുടമാറ്റവും ഒരുക്കും. 13ന് മൂന്നരയോടുകൂടി ടൗൺഹാളിൽ സ്വർണക്കപ്പിന് സ്വീകരണം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |