
കൊച്ചി: ഓടുന്ന വാഹനത്തിൽ ലൈംഗിക ആക്രമണത്തിനിരയായ സംഭവത്തിൽ യുവനടി നൽകിയ മൊഴി പുറത്ത്. കേസിൽ നടൻ ദിലീപടക്കം പത്ത് പ്രതികളാണുള്ളത്. 2017ൽ നടന്ന സംഭവത്തിൽ നാളെയാണ് വിധി പറയുക. ഇതിനിടയിലാണ് ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന നടിയുടെ മൊഴി പുറത്തു വന്നിരിക്കുന്നത്. ദിലീപും ആദ്യഭാര്യ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നതായി നടി പറഞ്ഞു.
2012ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് നേരിട്ട് ഇക്കാര്യം ചോദിച്ചു, കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞത് എന്തിനെന്നാണ് ചോദിച്ചത്. തെളിവുമായിട്ടാണ് മഞ്ജു വന്നതെന്ന് ഞാൻ മറുപടി നൽകി. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞെന്നുമാണ് അതിജീവിതയുടെ മൊഴി. കൂടാതെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപ് തന്നോട് സംസാരിച്ചിരുന്നില്ലെന്നും ദിലീപുമായുളള പ്രശ്നം പറഞ്ഞുതീർക്കണമെന്ന് സിനിമാ മേഖലയിലുളള പലരും തന്നോട് പറഞ്ഞിരുന്നുവെന്നും അതിജീവിത നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം, താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശം അയച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന്റെ അഞ്ചാം ദിവസമാണ് ദിലീപ് സന്ദേശമയച്ചത്. സംഭവവുമായി ബന്ധമില്ലാത്ത യാതൊരു തെറ്റും ചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സന്ദേശം. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് സമാനമായ സന്ദേശം അയച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ അന്വേഷണം തനിക്ക് നേരേ വരുമെന്ന ഭയത്തിലാണ് ദിലീപ് സന്ദേശം അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണ് വിധി പ്രസ്താവിക്കുക. പൾസർ സുനിയാണ് ഒന്നാംപ്രതി. ദിലീപ് അടക്കം പത്ത് പ്രതികളുണ്ട്. 2017 ഫെബ്രുവരി 17ന് വൈകിട്ട് ഷൂട്ടിംഗിനായി തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, വടിവാൾ സലിം (എച്ച്.സലിം), പ്രദീപ്, ചാർലി തോമസ് എന്നിവരാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. മേസ്ത്രി സനിലാണ് (സനിൽകുമാർ) ഒമ്പതാംപ്രതി. രണ്ടാം കുറ്റപത്രത്തിൽ ദിലീപിന്റെ സൃഹൃത്തായ വി.ഐ.പി ശരത് എന്ന ശരത്‌നായരെയും പ്രതിചേർത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |