
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് അതിജീവിത പരാതി നൽകിയത്. വാട്‌സാപ്പ് ചാറ്റ്, ശബ്ദരേഖ അടക്കമുള്ള തെളിവുകളും കൈമാറി.
പരാതി ഡിജിപിക്ക് കൈമാറി. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകുന്നതിനിടെയാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. രാഹുലിന്റെ ശബ്ദരേഖ പുറത്തുവന്ന സമയത്ത് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ആരും മൊഴി നൽകാതായതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.
അതേസമയം ഇന്ന് രാവിലെ രാഹുലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ പരാതി നൽകിയിരുന്നു. വനിതാനേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദരേഖയിലും വാട്സാപ്പ് ചാറ്റുകളിലും ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും നിർബന്ധിക്കുന്ന സംഭാഷണമാണുള്ളത്.
ഗർഭനിരോധന ഗുളിക കഴിക്കരുതെന്നും, ഗർഭിണിയാകാൻ റെഡിയാകൂയെന്നും ചാറ്റിൽ യുവതിയോട് അവശ്യപ്പെടുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്ന് പറയുമ്പോൾ കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി അപേക്ഷിക്കുന്നു. ശബ്ദരേഖയിൽ യുവതിക്കെതിരെ ഭീഷണി സ്വരത്തിലും രാഹുൽ സംസാരിക്കുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നുമാണ് യുവതിയോട് പറയുന്നത്.
കുഞ്ഞ് വേണമെന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളല്ലേയെന്നും, അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും യുവതി ചോദിക്കുന്നു. എന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ, നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ ഇതെന്നും യുവതി ചോദിക്കുമ്പോൾ, കുഞ്ഞിനെ ഇല്ലാതാക്കണമെന്ന മറുപടിയാണ് നൽകുന്നത്. ലൈംഗികാരോപണത്തിൽ പാർട്ടിയുടെ സസ്‌പെൻഷൻ നേരിട്ട രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |