സീൻ- 1
ഇത്രയും ദൂരെ നിന്ന് എന്തിനാണ് ഇവിടെ വന്നത്? പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമറ്റോഗ്രഫി പഠിക്കാൻ എത്തിയ ഷാജി എൻ.കരുണിനോട് അഭിമുഖ പരീക്ഷയിൽ മൃണാൾസെൻ ചോദിച്ചു. പഠിക്കാൻ വന്നതാണെന്നായിരുന്നു ഷാജിയുടെ സ്വാഭാവിക മറുപടി. സിനിമയെക്കുറിച്ച് എന്തു ധാരണ ഉണ്ടെന്നായി അടുത്ത ചോദ്യം. കാഴ്ചകളെക്കുറിച്ച് മനസിൽ സങ്കല്പിച്ച ഇമേജുകളുടെ ഓർമ്മയിൽ ഷാജി പറഞ്ഞു. 'ദൃശ്യങ്ങളാണ് സിനിമയുടെ പാതി ജീവൻ." തിരുവനന്തപുരത്തെ ശ്രീകുമാർ തിയേറ്ററിൽ ഡേവിഡ് ലിനിന്റെ സിനിമകൾ കണ്ട ഓർമ്മകളിൽ നിന്ന് ഛായാഗ്രഹണത്തെക്കുറിച്ച് സംസാരിച്ചു. സ്വയമെടുത്ത ഫോട്ടോകൾ കാണിച്ചു. മൃണാൾദായുടെ മുഖം വിടർന്നു. തിരുവനന്തപുരത്ത് എം.ബി.ബി.എസ് അഡ്മിഷൻ എടുത്തിട്ടാണ് പൂനെയ്ക്കു വണ്ടികയറിയത്. അവിടെ ചെന്ന് കടുകെണ്ണ ചേർത്ത ഭക്ഷണമൊക്കെ കഴിച്ചപ്പോൾ എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിയാൽ മതിയെന്ന ചിന്തയായിരുന്നു.
സീൻ 2
(ഫ്ളാഷ് ബാക്ക്)
അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിനൊപ്പം തിരുവനന്തപുരത്ത് പേട്ട കണ്ണമ്മൂലയിലായിരുന്നു താമസം. അന്ന് ഏഴിലാണ് പഠിക്കുന്നത്. അയൽപക്കത്ത് ഡോ. പി.കെ.ആർ.വാര്യരും കുടുംബവും. വാര്യരുടെ മകൻ ബാബു എന്നു വിളിക്കുന്ന കൃഷ്ണവാര്യർ ആയിരുന്നു പ്രധാന കൂട്ട്. (ഡോ. വാര്യരുടെ മകൾ അനസൂയയാണ് പിന്നീട് ഷാജിയുടെ ജീവിത സഖിയായത്. ഷാജിയുടെ സഹോദരി ഷീലയെ ബാബുവും വിവാഹം ചെയ്തു) മകൻ പഠിച്ച് ഡോക്ടറാവണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പ്രീഡിഗ്രിക്ക് മാർ ഇവാനിയോസ് കോളേജിലാണ് ചേർന്നത്. ബാബുവിന്റെ പ്രധാന വിനോദം മൗണ്ടനിയറിംഗ് ആണ്. സംഘമായി നാലും അഞ്ചും ദിവസത്തേക്ക് യാത്ര പോകും. നാഗർകോവിലിനടുത്തൊക്കെയുള്ള ചില ട്രെക്കിംഗ് കേന്ദ്രങ്ങളുണ്ട്. ബാബുവിന്റെ കൈവശം ഇംഗ്ളണ്ടിൽ നിന്ന് കൊണ്ടുവന്ന നല്ല ഒരു ക്യാമറയുണ്ടായിരുന്നു . അതിന്റെ കസ്റ്റോഡിയൻ ഷാജിയായിരുന്നു.
സീൻ- 3
മൗണ്ടനിയറിംഗിന് പോകുമ്പോൾ ഫോട്ടോ എടുക്കേണ്ട ഉത്തരവാദിത്തവും ഷാജിക്കായിരുന്നു. ക്യാമറയിലൂടെ മുകളിലേക്കും താഴ്വാരത്തേക്കുമുള്ള കാഴ്ചകൾ ഷാജിയെ ആകർഷിച്ചു. പ്രകൃതി അതിന്റെ വിവിധ ഭാഗങ്ങളിൽ കളർഫുള്ളായി കാണുന്നു. സൂര്യപ്രകാശത്തിന്റെ ഭാവതലങ്ങൾ... ഉദയവും അസ്തമയവും പ്രകൃതിദത്തമായ ലൈറ്റിംഗ് പാറ്റേണുകൾ. ക്യാമറയിലും അതിലൂടെ ഫോട്ടോഗ്രാഫിയിലേക്കും ഷാജിയുടെ താത്പര്യം വളരുകയായിരുന്നു. എടുത്തുകൊണ്ടുവരുന്ന ഫോട്ടോകൾ തിരുവനന്തപുരം പുളിമൂട്ടിലെ എ വൺ സ്റ്റുഡിയോയിൽ പ്രോസസ് ചെയ്തിരുന്നു. ലാബിനകത്തു കയറാനൊക്കെ സ്റ്റുഡിയോ ഉടമ അനുവാദം നൽകിയിരുന്നു.
സീൻ- 4
കൊല്ലം പെരിനാടിനടുത്തെ കണ്ടച്ചിറയിലായിരുന്നു ഷാജി ജനിച്ചത്. സ്കൂൾ അടയ്ക്കുമ്പോൾ അവിടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് പോയി നിൽക്കും. കായലിന്റെ തീരത്താണത്. രാത്രിയും പകലുമുള്ള കായലിന്റെ ദൃശ്യങ്ങൾ ആകർഷിച്ചിരുന്നു. ആ കാഴ്ചകൾ മനസിൽ വല്ലാതെ പതിഞ്ഞു. ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങൾ പ്രിന്റിടുമ്പോൾ കൊള്ളാമെന്ന് കൂട്ടുകാർ പ്രതികരിച്ചതും പ്രോത്സാഹനമായി.
സീൻ- 5
പ്രീഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നു. കെമിസ്ട്രിയായിരുന്നു ഐച്ഛിക വിഷയം. അന്ന് ശ്രീകുമാറിൽ നല്ല ഇംഗ്ളീഷ് ചിത്രങ്ങൾ വരും. ഡേവിഡ് ലിനിന്റെ ഡോ. ഷിവാഗോ, ലോറൻസ് ഒഫ് അറേബ്യ തുടങ്ങിയ ചിത്രങ്ങൾ ഒക്കെ അക്കാലത്ത് ആകർഷിച്ച ചിത്രങ്ങളാണ്. അന്നൊക്കെ സിനിമയ്ക്കൊരു ഡയറക്ടർ ഉണ്ടെന്ന ചിന്തയില്ല. ഇമേജ് മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. ഇംഗ്ളീഷ് സംഭാഷണങ്ങൾ പലതും പിടികിട്ടില്ല. കഥ മനസിലാകും. ഉച്ചതിരിഞ്ഞ് മൂന്നര മണിക്കുള്ള ഷോയ്ക്ക് ക്ളാസ് കട്ടു ചെയ്ത് പോകും. ആറു മണിക്ക് വീട്ടിലെത്താം. 50 പൈസയുടെ ടിക്കറ്റുണ്ട്. മുന്നിൽ പോയിരുന്നു കാണും.
സീൻ- 6
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചൊന്നും ധാരണയില്ല. ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഒരു ഇംഗ്ളീഷ് പത്രത്തിൽ വന്ന പരസ്യം ബാബുവാണ് കൊണ്ടുകൊടുത്തത്. അപേക്ഷ അയച്ചു. എഴുത്തുപരീക്ഷയ്ക്ക് കത്ത് വന്നു. മദ്രാ
സിലാണ്. ജീവിതത്തിലാദ്യത്തെ തീവണ്ടിയാത്ര. അവിടെ ഡോ. വാര്യരുടെ ബന്ധു ഉണ്ടായിരുന്നു. ഡോക്ടർ വിളിച്ചുപറഞ്ഞു. പരീക്ഷയ്ക്ക് സയൻസ്, ഏസ്തെറ്റിക്സ് അടക്കം മൂന്ന് വിഷയങ്ങൾ. അറിയാവുന്ന ഇംഗ്ളീഷിൽ നന്നായി എഴുതി. ഡിഗ്രിക്ക് ഫസ്റ്റ് ക്ളാസ് ഉണ്ടായിരുന്നു. അന്ന് മെഡിസിന് ചേരുന്നവരിൽ 60 ശതമാനവും ഡിഗ്രിക്കാരായിരുന്നു. അങ്ങനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേർന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ അഭിമുഖ പരീക്ഷയ്ക്ക് ക്ഷണിച്ച് പൂനെയിൽ നിന്ന് കത്ത് വന്നു.
സീൻ- 7
വീട്ടിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. മെഡിസിൻ പഠിച്ച് ഡോക്ടറാവാനുള്ള അവസരം കളഞ്ഞ് ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്ത സിനിമാ പഠനത്തിന് പോകണമോയെന്നായിരുന്നു പ്രധാന ചോദ്യം. അച്ഛന്റെ അടുത്ത സുഹൃത്തും ഉപദേശകനുമായിരുന്നു ഡോ. വാര്യർ. ഏത് ജോലിയായാലും അത് ആസ്വദിച്ച് ഇഷ്ടത്തോടെ ചെയ്യാൻ കഴിയുന്നതായിരിക്കണം എന്ന് ഡോ. വാര്യർ പറഞ്ഞത് അച്ഛനെ സ്വാധീനിച്ചു. ഡോക്ടർ പറഞ്ഞതുകൊണ്ട് അച്ഛൻ സമ്മതിച്ചു. ബാബുവും പിന്തുണച്ചു.
സീൻ- 8
അഭിമുഖത്തിന് ചെല്ലുന്നവർ പ്രവേശനം കിട്ടിയാൽ മൂന്നുമാസം അവിടെ നിൽക്കാൻ തയ്യാറായി വരണമെന്നു പറഞ്ഞിരുന്നു. അങ്ങനെ യാത്ര പുറപ്പെട്ടു. മദ്രാസ് വഴി ബോംബെയ്ക്കും അവിടെ നിന്ന് പൂനെയിലേക്കും. മൂന്ന് മൂന്നര ദിവസമെടുത്തു. പൂനെയിലെത്തിയപ്പോഴാണ് സിനിമാട്ടോഗ്രാഫിക്ക് ആകെ എട്ടു സീറ്റുകളെ ഉള്ളുവെന്ന് അറിഞ്ഞത്. അപ്പോഴെ കിട്ടില്ലെന്ന ഒരു ചിന്ത മനസിലുണ്ടായി. അഭിമുഖത്തിനുള്ള ടൈം വൈകിട്ട് നാലുമണിയായിരുന്നു. ചോറു കഴിക്കാൻ പറ്റാത്തതിന്റെയും രുചിയുള്ള ഭക്ഷണം ലഭിക്കാത്തതിന്റെയും പ്രയാസം മനസിൽ ഉണ്ടായിരുന്നു. കടുകെണ്ണയുടെ തികട്ടൽ കാരണം എങ്ങനെയെങ്കിലും ഇന്റർവ്യൂ കഴിഞ്ഞ് തിരികെ പോയാൽ മതിയെന്നായിരുന്നു ചിന്ത. ഇന്റർവ്യൂവിന് കയറിയപ്പോൾ സാക്ഷാൽ
മൃണാൾസെന്നാണ് ഇന്റർവ്യൂ ബോർഡിനെ നയിക്കുന്നത്. കേരളകൗമുദിയിലും മറ്റും മൃണാൾദായെ കുറിച്ച് വായിച്ച ഓർമ്മയിൽ മുഖം വളരെ പരിചിതമായി അനുഭവപ്പെട്ടു. വളരെ അടുപ്പമുള്ള ആരെയോ കണ്ടപോലൊരു തോന്നലുണ്ടായി. ആദ്യ ചോദ്യങ്ങളൊക്കെ കഴിഞ്ഞ് മൃണാൾദാ വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചു. ഡിഗ്രിക്ക് കെമിസ്ട്രി എടുക്കുകയും എം.ബി.ബി.എസിന് പ്രവേശനം ലഭിക്കുകയും ചെയ്തിട്ടും ഛായാഗ്രഹണം പഠിക്കാൻ വന്നതും ഇമേജിനെക്കുറിച്ച് ധാരണയുണ്ടെന്നതും മൃണാൾദായെ ആകർഷിച്ചിരിക്കാം.
സീൻ- 9
ലിസ്റ്റ് വൈകിട്ട് ഇടും.. പിൽക്കാലത്ത് 'സ്വം" സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച ഹരിനായരുടെ അച്ഛൻ കെ.പി.ആർ.നായർ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമറ്റോഗ്രഫി ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. അച്ഛന്റെ ഒരു ബന്ധു പൂനെയിൽ പട്ടാളത്തിലും ഉണ്ടായിരുന്നു. ലിസ്റ്റ് വന്നപ്പോൾ ആദ്യം വിളിച്ചത് കെ.പി.ആർ.നായരായിരുന്നു. ഷാജിയെ അന്വേഷിച്ചുവന്നു. അഭിമുഖത്തിൽ ഫസ്റ്റ് റാങ്ക് ഷാജിക്കായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം ആശ്ളേഷിച്ചു. പ്രവേശനം കിട്ടുന്നവർ ആദ്യത്തെ മൂന്നുമാസം അവിടെ നിൽക്കണമെന്നുള്ളതിനാൽ ചേരണോ വേണ്ടയോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ പോസ്റ്റോഫീസ് ഉണ്ടായിരുന്നു. അവിടെപോയി ട്രങ്ക് ബുക്ക് ചെയ്തെങ്കിലും അന്ന് ട്രങ്ക് കിട്ടിയില്ല. അടുത്ത ദിവസം രാവിലെ വീണ്ടും ബുക്ക് ചെയ്തു. വൈകിട്ട് നാലുമണിക്കാണ് കിട്ടിയത്. വീട്ടിൽ ഫോണില്ല.
ഡോ. വാര്യരുടെ വീട്ടിലെ ഫോണിലാണ് വിളിച്ചത്. മൂന്ന് മിനിറ്റാണ് സമയം. അതിനിടെ തീരുമാനം എടുക്കണം. അഭിപ്രായങ്ങൾ പറഞ്ഞു. സന്തോഷവും സന്താപവും ഉണ്ടായിരുന്നു. എന്തായാലും ചേർന്നു.
സീൻ- 10
മലയാളികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉള്ളത് ആശ്വാസമായിരുന്നു. ഒരുവർഷം സീനിയറായിരുന്നു മധു അമ്പാട്ട്. സംവിധാനം പഠിക്കുന്ന കെ.എൻ.ശശിധരൻ ഉണ്ട്. ജയബച്ചൻ ഒരുവർഷം സീനിയറായി അഭിനയം പഠിക്കുന്നു. ഷാജിയുടെ ബാച്ചിൽ ശബാനആസ്മി, ശത്രുഘ്നൻ സിൻഹ എന്നിവർ ആക്ടിംഗ് പഠിക്കുന്നുണ്ട്. എല്ലാവരുമായി അടുപ്പമായിരുന്നു. ഛായാഗ്രാഹകരെ എല്ലാവർക്കും ആവശ്യമാണല്ലോ. ആർക്കൈവ്സിലെ പി.കെ.നായരുടെ അനുജൻ രാമൻനായർ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം പിൽക്കാലത്ത് ഷാജിയുടെ സിനിമയിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ മുറികിട്ടാത്തതിനാൽ രാമൻനായരും മറ്റും താമസിക്കുന്ന ഇടത്തേക്ക് പോയി.
സീൻ- 11
മൂന്നുവർഷത്തെ കോഴ്സായിരുന്നു. ഫസ്റ്റ് ഇയർ പരീക്ഷയിൽ ഓർവോയുടെ സ്കോളർഷിപ്പുകിട്ടി. ഒന്നാമതായി എത്തിയതിനായിരുന്നു. തുടർച്ചയായി മൂന്നുവർഷവും കിട്ടി. ഹോസ്റ്റലിലേക്ക് മാറി. ക്ളാസിൽ ഫസ്റ്റ് ആകുന്നവർക്ക് ഹോസ്റ്റൽ അല്ലെങ്കിലും ഉറപ്പായിരുന്നു. ജാനുബറുവ, ഗിരിഷ് കാസറവള്ളി എന്നിവരും അവിടെ ഉണ്ടായിരുന്നു. അക്കാലത്ത് രണ്ടു ഡിപ്ളോമ ഫിലിം ചെയ്തു. ഒന്ന് രാഹുൽ ദാസ് ഗുപ്തയുടെ ലേഡി ഇൻ ദ ലാൻഡിംഗ്, രണ്ടാമത്തേത് ചിത്രം മലേഷ്യൻ ഫിലിം മേക്കർ ശിവസുബ്രഹ്മണ്യത്തിന്റെ ഗോസ്റ്റ് സ്റ്റോറി. ക്യാമറയ്ക്ക് ഗോസ്റ്റ് സ്റ്റോറിയിൽ വലിയ പ്രാമുഖ്യം ലഭിക്കും.
സീൻ- 12
സത്യജിത് റേ ആയിരുന്നു കോൺവക്കേഷന് വന്നത്. ശിവസുബ്രഹ്മണ്യത്തിന്റെ ചിത്രത്തെക്കുറിച്ച് സംസാരിക്കവെ ഷാജിയുടെ ഛായാഗ്രഹണത്തെക്കുറിച്ച് പേരെടുത്തു പറഞ്ഞ് റേ സംസാരിച്ചു. അന്ന് അരുൺ ഖോപ്കറുമായി ചേർന്ന് ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. സ്മിതാപാട്ടിലായിരുന്നു നായിക. സ്മിത ഇൻസ്റ്റിറ്റ്യൂട്ടിൽ അല്ല പഠിച്ചതെങ്കിലും തൊട്ടടുത്തുള്ള ഫെർഗൂസൻ കോളേജിലെ വിദ്യാർത്ഥിനി ആയിരുന്നു. ആ അടുപ്പമാണ് അവർ ചിദംബരത്തിൽ വരാൻ ഇടയാക്കിയത്.
സീൻ- 13
1974 ൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നിറങ്ങി. ആ വർഷംതന്നെ കെ.എസ്.എഫ്.ഡി.സിയിൽ ജോയിൻ ചെയ്തു. അവിടെ ജോലിയിൽ കയറും മുമ്പ് ചില തെലുങ്ക് ചിത്രങ്ങളുടെ ടൈറ്റിലുകൾ ചെയ്തു. സ്പെഷ്യൽ ഇഫക്ട്സുകൾ കെ.പി.ആർ.നായരിൽ നിന്ന് പഠിച്ചിരുന്നു. മധു അമ്പാട്ടിനൊപ്പം ഞാവൽപ്പഴങ്ങളുടെ ക്യാമറ ചെയ്തു. മധുവിന് ഒരാളിന്റെ സഹായം വേണമായിരുന്നു.
സീൻ- 14
കെ.പി.കുമാരന്റെ ലക്ഷ്മിവിജയത്തിലാണ് ആദ്യമായി സ്വതന്ത്രമായി ക്യാമറ ചെയ്യുന്നത്. ചെലവ് കുറഞ്ഞ ചിത്രമായതിനാൽ മിനിമം ലൈറ്റൊക്കെ ഉപയോഗിച്ചാണ് ചെയ്തത്. ഷാജിക്കന്ന് 24 വയസാണ് പ്രായം. സ്റ്റിൽ ഫോട്ടോഗ്രാഫറായി വന്നത് സതേൺ ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചിരുന്നയാളായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾ എക്സ്പോസ് ചെയ്ത ചില ചിത്രങ്ങൾ കിട്ടിയില്ല. സതേൺ ഇൻഡസ്ട്രിക്ക് ഒരു പാറ്റേൺ ഉണ്ട്. ഷാജി അതനുസരിച്ചല്ല പ്രവർത്തിച്ചത്. അയാൾ സംവിധായകനോട് പരാതി പറഞ്ഞു. ഈ പയ്യനെ വിശ്വസിച്ച് ഇനി സിനിമ തുടർന്നു ചെയ്യുന്നതിനു മുമ്പ് ഇതുവരെ ചെയ്തത് ലാബിലയച്ച് കിട്ടിയിട്ടുണ്ടോ എന്ന് നോക്കണമെന്ന്. ഷൂട്ടിംഗ് പെട്ടെന്ന് നിറുത്തി ഷൂട്ട് ചെയ്യുന്നതൊക്കെ എക്സ് പോഷർ നോട്ട് എഴുതിയാണ് ഷാജി നൽകുന്നത്. അവസാനം ലാബിൽ നിന്ന് ഫിലിം വന്നു. ചാലക്കുടിയിലെ ഒരു തിയേറ്ററിൽ സെക്കൻഡ് ഷോ കഴിഞ്ഞ് സ്ക്രീൻ ചെയ്തു. സുകുമാരനും റാണി ചന്ദ്രയുമൊക്കെ ഉണ്ടായിരുന്നു. അവർക്കെല്ലാം വളരെ ഇഷ്ടമായി. അപ്പോഴാണ് യഥാർത്ഥത്തിൽ സംഭവിച്ച കഥ
കുമാരേട്ടൻ പറഞ്ഞത്. പ്രോസസ് ചെയ്യാനുള്ള കണക്ക് ഇതാദ്യമായിട്ടാണ് ഒരാൾ പുറത്തു നിന്ന് എഴുതി നൽകുന്നതെന്ന് ലാബുകാർ പറഞ്ഞതായി കുമാരേട്ടൻ ഷാജിയോട് പറഞ്ഞു.
സീൻ- 15
രണ്ടാം വർഷം പൂനെയിൽ പഠിക്കുമ്പോൾ രാമുകാര്യാട്ട് സ്റ്റുഡിയോയിൽ വന്നിരുന്നു. നടൻ ദിലീപ്കുമാർ തൃശൂരിൽ വരുന്നുണ്ടെന്നും ക്യാമറയും ഫിലിമും നൽകിയാൽ ഒന്ന് ഷൂട്ട് ചെയ്തു നൽകുമോയെന്നും ചോദിച്ചു. ഷാജി സമ്മതിച്ചു. അതിന്റെ വർക്കിനായി മദ്രാസിലെ ലാബിൽ ചെന്നപ്പോൾ ഉത്തരായനത്തിന്റെ വർക്കിനായി ജി.അരവിന്ദൻ അവിടെയുണ്ട്. അങ്ങനെയാണ് ആദ്യമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. കാഞ്ചനസീത ചെയ്യുന്ന സമയമായപ്പോൾ അരവിന്ദേട്ടന്
ഒരു ഛായാഗ്രാഹകനെ വേണമെന്നറിഞ്ഞു. മങ്കട രണ്ടാമത്തെ ചിത്രത്തിന് വരുന്നില്ലെന്നുമറിഞ്ഞു. ഷാജിയുടെ ഒരു കസിൻ പ്രഹ്ലാദൻ അരവിന്ദന്റെ നെയ്ബർ ആയിരുന്നു. അദ്ദേഹവുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അങ്ങനെ ഷാജി കാഞ്ചനസീതയുടെ ക്യാമറാമാനായി.
സീൻ- 16
അരവിന്ദൻ- ഷാജി കൂട്ടുകെട്ട് ലോക സിനിമയുടെ ഭാഗമായി. അരവിന്ദന്റെ ആദ്യചിത്രവും അവസാന ചിത്രവും ഒഴിച്ച് എല്ലാത്തിന്റെയും ഛായഗ്രാഹണം
ഷാജി എൻ.കരുണായിരുന്നു. ഷാജി സ്വതന്ത്ര സംവിധായകനായ പിറവി ലോക ചലച്ചിത്ര ഭൂപടത്തിലൂടെ സഞ്ചരിച്ചു. അവാർഡുകൾ വാരിക്കൂട്ടി. ഇന്ത്യൻ സിനിമയുടെ യശസുയർത്തിയ വലിയ ഉദയമായിരുന്നു അത്. നാൽപ്പതോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. ഇന്ത്യയിൽ ഏറ്റവും ഡിമാൻഡുള്ള ക്യാമറാമാനായിരിക്കെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. ഷാജിയോളം ദേശീയ അന്തർദ്ദേശീയ അവാർഡുകൾ വാരിക്കൂട്ടിയ മറ്റൊരു ഇന്ത്യൻ സംവിധായകനില്ല. രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
സീൻ- 17
പിറവിക്കുശേഷം സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, സ്വാപാനം, ഓള് എന്നിങ്ങനെ ഏഴുചിത്രങ്ങൾ. നിരവധി ഡോക്യുമെന്ററികൾ. കാനിൽ പാം ഡി ഓറിനായി സ്വം മത്സരിച്ചു. മറ്റൊരു ഇന്ത്യൻ ചിത്രം ആ വിഭാഗത്തിലെത്താൻ മൂന്നു പതിറ്റാണ്ട് വേണ്ടി വന്നു. പായൽ കപാഡിയയുടെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്.
സീൻ- 18
ഇന്ത്യയിലാദ്യമായി ചലച്ചിത്ര അക്കാഡമി രൂപീകരിച്ചത് ഷാജിയുടെ നേതൃത്വത്തിൽ കേരളത്തിലാണ്. അന്ന് സാംസ്കാരിക മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണൻ ഷാജി തന്നെ ചെയർമനാകണമെന്ന് ശഠിച്ചു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ ) മികച്ച രീതിയിൽ നടക്കുന്നതിലും ഷാജിയുടെ കൈയ്യൊപ്പുണ്ട്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐയുടെ സംഘാടനത്തിലും ഷാജിക്കു നിർണായക പങ്കുണ്ടായിരുന്നു. രണ്ടുവർഷം മുമ്പുവരെയും ഇഫിയുടെ സിഗ്നേച്ചർ ഫിലിം ഷാജിയുടേതായിരുന്നു.
സീൻ- 19
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ ചിത്രാജ്ഞലി സ്റ്റുഡിയോ മെച്ചപ്പെടുത്തി. വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡന്റാണ്. സിനിമ നയം രൂപീകരിക്കാനുള്ള കമ്മിറ്റിക്കും നേതൃത്വം നൽകി വരികയായിരുന്നു.
സീൻ- 20
എം.കെ.സാനു മാഷിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പൂർത്തിയാക്കാനായില്ല. ടി.പദ്മനാഭന്റെ കടൽ, പദ്മരാജന്റെ മഞ്ഞു കാലം നോറ്റ കുതിര, വി.ജെ.ജെയിംസിന്റെ കള്ളൻ എന്നീ സാഹിത്യരചനകൾ സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. പക്ഷെ സിനിമാരംഗത്തിനു വേണ്ടി ഒട്ടേറെ സമയം നീക്കി വച്ചതിനാൽ അതിനൊന്നും സമയം കിട്ടാതെയാണ് ഈ മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |