കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ യു എ പി എ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് എ ഡി ജി പി എം ആർ അജിത് കുമാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഷാരൂഖ് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എ ഡി ജി പി പറഞ്ഞു.
പുരോഗമന തീവ്രവാദപരമായ ചിന്താഗതിയുള്ളയാളാണ് ഷാരൂഖ് സെയ്‌ഫിയെന്ന് എ ഡി ജി പി പറഞ്ഞു. 'സക്കീർ നായിക്, ഇസ്രാ അഹമ്മദ് പോലുള്ള തീവ്രവാദ ചിന്താഗതിയുള്ളവരുടെ വീഡിയോകൾ നിരന്തരം കാണാറുണ്ടായിരുന്നു. തീവയ്പ്പ് നടത്താൻ പദ്ധതിയിട്ടുതന്നെയാണ് ഷാരൂഖ് കേരളത്തിലെത്തിയത്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നത് അന്വേഷിക്കുകയാണ്. ഷാരൂഖ് സെയ്‌ഫിയ്ക്ക് പ്ളസ്ടു വിദ്യാഭ്യാസമാണുള്ളത്. 27 വയസാണ്. നാഷണൽ ഓപ്പൺ സ്‌കൂളിലാണ് പഠിച്ചത്. കേരളത്തിൽ എത്തുന്നത് ആദ്യമായാണ്'- എ ഡി ജി പി വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഷാരൂഖിനെതിരെ യു എ പി എ (നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തിയത് . നാളെ വൈകിട്ട് ഷാരൂഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |