
വയനാട്: ജനവാസ മേഖലയിലിറങ്ങിയ കടുവയെ കാടുകയറ്റാൻ ശ്രമം ഇപ്പോഴും തുടരുകയാണ്. ചീക്കല്ലൂർ വയലിൽ തുരുത്തിലാണ് കടുവയെ കണ്ടത്. അഞ്ച് വയസുള്ള ആൺ കടുവയാണിതെന്ന് മനസിലായി. ഡബ്ളിയുഡബ്ളിയുഎൽ 112 എന്ന് വിളിക്കുന്ന കടുവയാണിത്. കടുവയെ കാടുകയറ്റാൻ പടക്കം പൊട്ടിച്ചതോടെ ഒളിച്ചിരുന്ന കൈതക്കാടിൽ നിന്ന് കടുവ പുറത്തേക്ക് ചാടി ഓടി. ജനവാസ മേഖലയിലേക്ക് തന്നെയാണ് കടുവ ഓടിപ്പോയത്. പടക്കം പൊട്ടിച്ച് രാത്രിതന്നെ കടുവയെ കാടുകയറ്റാനാണ് ശ്രമം.
കടുവയെ പനമരം മേച്ചേരി വയൽമേഖലയിൽ വൈകുന്നേരം കണ്ടിരുന്നു. കടുവ വിശ്രമിക്കുന്നതിനിടെയാണ് വനംവകുപ്പ് സംഘം കണ്ടത്. പ്രദേശം വനപാലക സംഘം വളഞ്ഞിരിക്കുകയാണ്. പാതിരിയമ്പം വനമേഖലയിലേക്ക് കടുവയെ കയറ്റിവിടാനാണ് ശ്രമമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു. എൺപതംഗ വനപാലക സംഘമാണ് കടുവ മിഷനായി സ്ഥലത്തുള്ളത്. ഇന്നലെ കടുവയെ കണ്ട പഠിക്കംവയൽ മേഖലയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ് ഇന്ന് കണ്ട മേച്ചേരി വയൽ മേഖല. ഇന്ന് രാവിലെ ഇവിടെ കടുവയുടെ കാൽപ്പാട് കണ്ടതോടെയാണ് പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചത്.
മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളായ ഭരത്, വിക്രം എന്നിവയെയും മിഷന്റെ ഭാഗമായി എത്തിച്ചിട്ടുണ്ട്. കടുവാഭീതിയുള്ളതിനാൽ പനമരം,കണിയാമ്പറ്റ പഞ്ചായത്തുകളിൽ നിരോധനാജ്ഞ തുടരുകയാണ്. മേച്ചേരി,പുളിക്കൽ ഭാഗത്തെ കുടുംബങ്ങൾ വീട്ടിൽ തന്നെ തുടരണം എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുവയിറങ്ങി 28 മണിക്കൂറിന് ശേഷമാണ് ഇന്ന് കണ്ടെത്താൻ സാധിച്ചത്.
പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പച്ചിലക്കാട് പഠിക്കംവയലിലാണ് കഴിഞ്ഞദിവസം കടുവയെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒൻപത് മണിയോടെ പഠിക്കംവയൽ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തി. പിന്നീട് പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് പരിശോധനയും നടത്തി. വനം വകുപ്പിന്റെ ഹെലി ക്യാമിൽ കടുവയുടെ ദൃശ്യം പതിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |