SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.55 PM IST

നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, സർക്കാ‌ർ ഉടൻ അപ്പീൽ പോകും

Increase Font Size Decrease Font Size Print Page
pinarayi-vijayan

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ലിഫ്‌ഹൗസിലായിരുന്നു കൂടിക്കാഴ്ച. സർക്കാർ തന്നെ കേസിൽ ഹെെക്കോടതിയിലേക്ക് അപ്പീൽ നൽകുമെന്നും കേസിലെ ഗുഢാലോചന തെളിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.

കേസിൽ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. പൾസർ സുനിയെ കൂടാതെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിൽ 1711 പേജുള്ള വിധിപകർപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസിൽ ഗൂഢാലോചന വാദം തള്ളിയ കോടതി ഗൂഢാലോചന നടന്നതിന് തെളിവില്ലെന്നും വിധിന്യായത്തിൽ വിശദമാക്കുന്നു. എന്തുകൊണ്ട് എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു എന്നത് സംബന്ധിച്ചും കോടതി വ്യക്തത വരുത്തിയിരുന്നു. ദിലീപ് പൾസർ സുനിക്ക് പണം നൽകിയതിന് തെളിവില്ലെന്നും ഉത്തരവിൽ പറയുന്നു. ഒൻപതാം പ്രതി മേസ്തിരി സനൽ ജയിലിൽ പൾസർ സുനിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും വിധിന്യായത്തിലെ 1547ാം പേജിലുണ്ട്. ദിലീപ് വിചാരണ കോടതിയിലടക്കം ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണവും കോടതി നിഷേധിച്ചു.

TAGS: PINARAYI VIJAYAN, ACTRESS ASSAULT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY