
കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ക്ക്. വയനാട് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയാണ് ഉത്തരവിട്ടത്. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 , 6, 7, 18, 19, 20, 21 വാര്‍ഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗണവാടികള്‍ക്കും മദ്രസകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
അവധി പ്രഖ്യാപിച്ച വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അവധി പ്രഖ്യാപനം. ജനവാസ മേഖലയിലിറങ്ങിയ കടുവയെ കാടുകയറ്റാന്‍ ശ്രമം ഇപ്പോഴും തുടരുകയാണ്. ചീക്കല്ലൂര്‍ വയലില്‍ തുരുത്തിലാണ് കടുവയെ കണ്ടത്. അഞ്ച് വയസുള്ള ആണ്‍ കടുവയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡബ്‌ളിയുഡബ്‌ളിയുഎല്‍ 112 എന്ന് വിളിക്കുന്ന കടുവയാണിത്. കടുവയെ കാടുകയറ്റാന്‍ പടക്കം പൊട്ടിച്ചതോടെ ഒളിച്ചിരുന്ന കൈതക്കാടില്‍ നിന്ന് കടുവ പുറത്തേക്ക് ചാടി ഓടി. ജനവാസ മേഖലയിലേക്ക് തന്നെയാണ് കടുവ ഓടിപ്പോയത്. പടക്കം പൊട്ടിച്ച് രാത്രിതന്നെ കടുവയെ കാടുകയറ്റാനാണ് ശ്രമം. കടുവയെ പനമരം മേച്ചേരി വയല്‍മേഖലയില്‍ വൈകുന്നേരം കണ്ടിരുന്നു. കടുവ വിശ്രമിക്കുന്നതിനിടെയാണ് വനംവകുപ്പ് സംഘം കണ്ടത്. പ്രദേശം വനപാലക സംഘം വളഞ്ഞിരിക്കുകയാണ്.
പാതിരിയമ്പം വനമേഖലയിലേക്ക് കടുവയെ കയറ്റിവിടാനാണ് ശ്രമമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. എണ്‍പതംഗ വനപാലക സംഘമാണ് കടുവ മിഷനായി സ്ഥലത്തുള്ളത്. ഇന്നലെ കടുവയെ കണ്ട പഠിക്കംവയല്‍ മേഖലയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്ന് കണ്ട മേച്ചേരി വയല്‍ മേഖല. ഇന്ന് രാവിലെ ഇവിടെ കടുവയുടെ കാല്‍പ്പാട് കണ്ടതോടെയാണ് പ്രദേശത്ത് വ്യാപക തിരച്ചില്‍ ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |