കൊച്ചി: അപകടകരമായ ഓയിലും രാസവസ്തുക്കളും 450 ടൺ ഇന്ധനവുമായി കൊച്ചി പുറങ്കടലിൽ മുങ്ങിയ കപ്പൽ ഉയർത്തുന്ന പാരിസ്ഥിതിക ഭീഷണി മത്സ്യബന്ധനമേഖലയെ ആശങ്കയിലാക്കി. എറണാകുളം, ആലപ്പുഴ, കൊല്ലം തീരങ്ങളിലെ മത്സ്യത്തൊഴിലാളികളും അനുബന്ധമേഖലയിലുള്ളവരും പ്രത്യാഘാതങ്ങൾ ഭയക്കുന്നു. ഈ മൂന്നു ജില്ലകൾ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തെ പ്രമുഖ സീഫുഡ് കമ്പനികൾ പ്രവർത്തിക്കുന്നതും.
ജൂൺ ആദ്യവാരം മുതൽ ട്രോളിംഗ് നിരോധനമാണ്. പ്രജനന സീസണിലെ എണ്ണ, രാസവസ്തു ചോർച്ച മത്സ്യസമ്പത്തിനെ ദീർഘകാലത്തേക്ക് ഗുരുതരമായി ബാധിക്കും. പരമ്പരാഗത മത്സ്യമേഖലയുടെ നടുവൊടിക്കും. മത്സ്യ ഉപഭോഗം കുറയാനും ഇടയുണ്ട്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ 12 നോട്ടിക്കൽ മൈലിനപ്പുറം പുറങ്കടലിൽ പോകാറില്ല. എന്നാലും, എണ്ണയോ രാസവസ്തുക്കളോ ചോർന്നാൽ മൂന്ന് ജില്ലകളിലെ തീരപ്രദേശം ദീർഘകാലത്തേക്ക് അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരും. മൺസൂൺ കാലമായതിനാലും കടൽ ക്ഷോഭമുള്ളതിനാലും ചോർച്ച കൈകാര്യം ചെയ്യുക എളുപ്പമാവില്ല.
643 കണ്ടെയ്നറുകളിൽ 500ലും എന്തൊക്കെയുണ്ടെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓരോ കപ്പലിലെയും കാർഗോ മാനിഫെസ്റ്റ് എന്ന രേഖയിൽ ചരക്കു സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ടാകും. വിഴിഞ്ഞം തുറമുഖത്തും ഷിപ്പിംഗ് ഏജന്റും ഇത് സൂക്ഷിക്കണം. കപ്പൽ ഉടമകളായ എം.എസ്.സിയുടെ തന്നെ ഭാഗമാണ് ഷിപ്പിംഗ് ഏജന്റും. കൊച്ചിയിൽ ഓഫീസുമുണ്ട്. ചരക്കിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താത്തത് അനാവശ്യമായ സംശയങ്ങളും ഉയർത്തുന്നു.
കപ്പലിലെ എണ്ണയോ മറ്റോ ചോർന്നാൽ മത്സ്യസമ്പത്തിനെ ബാധിക്കുമെന്നുറപ്പാണ്. മറ്റു സംസ്ഥാനങ്ങളെ ബാധിക്കുന്ന സ്ഥിതിയുണ്ടായാൽ ഗുരുതരമായ അവസ്ഥയുണ്ടാകും
- ഡോ.കെ.എൻ. രാഘവൻ
സീഫുഡ് എക്സ്പോർട്ടേഴ്സ്
അസോ. ഒഫ് ഇന്ത്യ
മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. അടിയന്തര അന്വേഷണം നടത്തി വസ്തുതകൾ സർക്കാർ പുറത്തുവിടണം. മത്സ്യസമ്പത്തിനെ ബാധിച്ചാൽ നഷ്ടപരിഹാരം നൽകണം
ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ്
മത്സ്യത്തൊഴിലാളി ഐക്യവേദി
കടലിൽ വ്യാപിച്ച എണ്ണ നീക്കണം: വിദഗ്ദ്ധർ
മുങ്ങിയ കപ്പലിൽ നിന്ന് എണ്ണയും രാസവസ്തുക്കളും തീരത്തുൾപ്പെടെ പരക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യുദ്ധകാല നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി, രാസവസ്തു വിദഗ്ദ്ധർ. സമുദ്ര ആവാസവ്യവസ്ഥയെ ബാധിക്കുന്നതും മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് ഭീഷണിയുമാണ് എണ്ണച്ചോർച്ച.
ആഘാതം കുറയ്ക്കാൻ സമുദ്രവുമായി ബന്ധപ്പെട്ട വകുപ്പുകൾ, സർവകലാശാലകൾ, സി.എം.എഫ്.ആർ.ഐ, എൻ.ഐ.ഒ, എന്നിവയിലെ ശാസ്ത്രജ്ഞന്മാർ, പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികൾ എന്നിവരുൾപ്പെട്ട കമ്മിറ്റി രൂപീകരിക്കണം.
• എണ്ണ പടരുന്നത് തടയാൻ തടസങ്ങൾ (ബൂമുകൾ) ഉപയോഗിക്കുക
• ജലോപരിതലത്തിലെ എണ്ണ നീക്കാൻ സ്കിമ്മറുകൾ (ബോട്ടുകളും മറ്റും) ഉപയോഗിക്കുക
• വെള്ളത്തിലും കരയിലും എണ്ണ ആഗിരണം ചെയ്യുന്നതിന് സോർബന്റുകൾ ഉപയോഗിക്കുക
• കരയിൽ എണ്ണ അടിയുന്നതും പടരുന്നതും തടയാൻ മണൽതിട്ടകൾ (ബെർമുകൾ) സൃഷ്ടിക്കുക
• ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുമ്പോൾ എണ്ണ കത്തിക്കാം
• എണ്ണപ്പാളികളെ വിഘടിപ്പിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കാം
'ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന വസ്തുക്കളും കടലിൽ വീണിട്ടുണ്ട്. അതിന്റെ വ്യാപനം ഉടൻ തടയണ".
- ഡോ. ആർ. വേണുഗോപാൽ,
റിട്ട. ജോയിന്റ് ഡയറക്ടർ പെട്രോളിയം ആൻഡ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ
'കടലിലെയും കരയിലെയും പരിസ്ഥിതി ആഘാതം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം".
- ഡോ. സി.എം. ജോയി,
കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |