സന : യെമൻ തീരത്ത് ചെങ്കടലിൽ ചരക്കുകപ്പലിന് നേരെ ആയുധധാരികളായ സംഘത്തിന്റെ ആക്രമണം. ഹൊദെയ്ദ തുറമുഖത്ത് നിന്ന് തെക്കുപടിഞ്ഞാറായി 51 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. കപ്പലിലെ സുരക്ഷാ സംഘം തിരിച്ചടിച്ചതായും സംഘർഷം തുടരുന്നതായുമാണ് റിപ്പോർട്ട്. എട്ടു ബോട്ടുകളിലെത്തി ആസൂത്രിതതമായാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ആക്രമിക്കപ്പെട്ട കപ്പലിനെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കപ്പലിന് നേരെ വെടിയുതിർത്ത സംഘം റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും പ്രയോഗിച്ചു. രണ്ട് ഡ്രോൺ ബോട്ടുകൾ കപ്പലിലേക്ക് ഇടിച്ചു കയറ്റിയതായും മറ്റ് രണ്ടു ബോട്ടുകൾ കപ്പലിലെ സുരക്ഷാ വിഭാഗം തകർത്തതായും റിപ്പോർട്ടുണ്ട്. യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം നടന്നത്. 2023 നവംബർ മുതൽ ചെങ്കടലിൽ ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തുന്നത് പതിവായിരുന്നു. ഇസ്രയേൽ - ഹമാസ് സംഘർഷത്തിനിടയിലും ഹൂതികൾ പ്രദേശത്ത് ആക്രമണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |