തിരുവനന്തപുരം: പുരപ്പുറ സോളാർ ഉത്പാദകരിൽ നിന്ന് കെ.എസ്.ഇ.ബി ഇടാക്കുന്ന ഫിക്‌സഡ് ചാർജിൽ ഇളവില്ല. തുടർന്നും ഈടാക്കാമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. സോളാറിന് പുറമേ, അധികമായി ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി വൈദ്യുതിക്ക് ചാർജ് ഈടാക്കുന്നുണ്ട്. ഇതു കൂടാതെയാണ് ഫിക്സഡ് ചാർജ്. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജ് നൽകണം. ഇത് പുരപ്പുറ സോളാർ ഉത്പാദകർക്ക് തിരിച്ചടിയായി.
കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്കു മാത്രം ഫിക്സഡ് ചാർജ് ഇൗടാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സോളാർ ഉത്പാദകരുടെ ഹർജി. എന്നാൽ ഉപയോഗിച്ചാലും ഇല്ലെങ്കിലും വീട്ടിൽ വൈദ്യുതി എത്തിക്കുകയും അതിനുള്ള സംവിധാനം നിലനിറുത്തുകയും ചെയ്യുന്നതിനാൽ ഇത് അനിവാര്യമാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ചെലവിനായി കെ.എസ്.ഇ.ബി ഈടാക്കുന്നതാണ് ഫിക്സഡ് ചാർജ്.
നെറ്റ് മീറ്ററിംഗ് സംവിധാനത്തിൽ സൗരോർജ ഉത്പാദകരിൽ നിന്ന് ഫിക്‌സഡ് ചാർജ് ഈടാക്കുന്നതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കമ്മിഷൻ ഉത്തരവ്. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് ഹർജിക്കാരായ ജെയിംസ് കുട്ടി തോമസ് അറിയിച്ചു.
50 മുതൽ 500 രൂപ വരെ
1. പ്രതിമാസ വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ കണക്ടഡ് ലോഡ് കണക്കാക്കി കിലോവാട്ടിന് 47 രൂപ നിരക്കിലോ ഫിക്സഡ് ചാർജ് നൽകാമെന്ന് റഗുലേറ്ററി കമ്മിഷൻ. പ്രതിമാസ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ 50 രൂപ മുതൽ 310 രൂപ വരെയാണ് ഫിക്സഡ് ചാർജ്.
2. കിലോവാട്ട് കണക്കിലാണെങ്കിൽ 47 രൂപയ്ക്കൊപ്പം ജി.എസ്.ടി കൂടി ചേരുമ്പോൾ 52 രൂപ നൽകണം. പത്ത് കിലോവാട്ട് കണക്ടഡ് ലോഡുണ്ടെങ്കിൽ ഫിക്സഡ് ചാർജ് പ്രതിമാസം 500 രൂപയിലധികമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |