തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതിയുടെ ഇടപാടുകൾക്ക് പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയുളള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ കരട് ചട്ടത്തിൽ പരക്കെ ആശങ്ക. നിരന്തരം കൂടിവരുന്ന വൈദ്യുതി ചെലവിൽ നിന്ന് രക്ഷപ്പെടാനാണ് പലരും സോളാറിലേക്ക് മാറിയത്. പുതിയ നിയന്ത്രണങ്ങൾ വരുമ്പോൾ വീണ്ടും സാമ്പത്തികഭാരം പേറേണ്ടിവരുമോ എന്നാണ് ആശങ്ക. ചൊവ്വാഴ്ചയാണ് പരാതികൾ കേൾക്കാനുള്ള വേദി റെഗുലേറ്ററി കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. മുൻവർഷങ്ങളിലുണ്ടായ എതിർപ്പ് പൊതുതെളിവെടുപ്പ് സംഘർഷഭരിതമാക്കിയിരുന്നു. ഇക്കുറി ഓൺലൈനായാണ് തെളിവെടുപ്പ്.
നിലവിൽ നെറ്റ് മീറ്ററിംഗ് പരിധി 1000 കിലോവാട്ടാണ്. പുതിയ ചട്ടത്തിൽ അത് മൂന്നു കിലോവാട്ടായി ചുരുങ്ങും. പകൽ നൽകുന്ന വൈദ്യുതിക്ക് തുല്യമായ വൈദ്യുതി രാത്രി തിരികെ എടുക്കാമെന്നത് ഇതോടെ പരിമിതപ്പെടും. മൂന്നു കിലോവാട്ടിന് താഴെയുള്ളവർക്കേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. മറ്റുള്ളവർ വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും മൂന്ന് കിലോവാട്ടിനും അഞ്ചു കിലോവാട്ടിനും ഇടയിലുള്ള സൗരോർജ്ജ പ്ലാന്റുകൾക്ക് ബാറ്ററികൾ സ്ഥാപിക്കണം, അല്ലെങ്കിൽ നെറ്റ് ബില്ലിംഗ് രീതിയിൽ നിന്ന് ഗ്രോസ് മീറ്ററിലേക്ക് മാറേണ്ടിവരും. സംസ്ഥാനത്തെ 95 ശതമാനം ഗാർഹിക സൗരോർജ്ജ പദ്ധതികളും മൂന്ന് കിലോവാട്ടിന് താഴെയായതിനാൽ പുതിയ നിർദ്ദേശം കുറച്ചുപേരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ വിശദീകരണം.
നിലവിലുള്ള വ്യവസ്ഥ
സോളാർ പ്ലാന്റിൽ നിന്ന് കെ.എസ്.ഇ.ബിയിലേക്ക് കൊടുക്കുന്ന മുഴുവൻ വൈദ്യുതിയും അതേ അളവിൽ അധിക തുക കൊടുക്കാതെതന്നെ തിരികെ ലഭിക്കും. നെറ്റ് മീറ്റർ സംവിധാനമാണിതിന് സഹായിക്കുന്നത്.
ഗ്രോസ് ബില്ലിംഗ് വന്നാൽ?
ചെറിയ തുകയ്ക്ക് സോളാർ വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകേണ്ടിവരും, രാത്രി കെ.എസ്.ഇ.ബി.യിൽ നിന്ന് തിരിച്ചുവാങ്ങുന്ന വൈദ്യുതിക്ക് കൂടുതൽ വില നൽകേണ്ടിയും വരും.
പുതിയ ചട്ടം
സൗരോർജ പ്ലാന്റിന്റെ 30 ശതമാനം ശേഷിയുള്ള ബാറ്ററികൾ സ്ഥാപിക്കണം. ഇതോടെ നിർമ്മാണച്ചെലവ് രണ്ടു ലക്ഷം രൂപയോളം കൂടും. നിലവിൽ ഒരു കിലോവാട്ടിന് 60,000 രൂപയാണ് നിർമ്മാണച്ചെലവ്. അതിൽ തന്നെ 40 ശതമാനം സബ്സിഡി കിട്ടും. എന്നാൽ, ബാറ്ററി സ്ഥാപിക്കുന്നതിനു സബ്സിഡിയില്ല. കെ.എസ്.ഇ.ബിയിലേക്ക് കൊടുക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് ഒരു രൂപ ഗ്രിഡ് സപ്പോർട്ട് ചാർജ് കൂടി ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |