ആലപ്പുഴ: വാട്ടർ അതോറിട്ടിയുടെ ഓൺ റോഡുകളായ 'പൈപ്പ് റോഡു'കളിൽ കെട്ടിടം ഉൾപ്പെടെയുള്ള നിർമ്മാണത്തിന് ഇനി വാട്ടർ അതോറിട്ടിയുടെ അനുമതിയുംവാങ്ങണം. ഭാരവാഹനങ്ങളും മറ്റും കടന്നുപോകുന്നതിലൂടെ പൈപ്പുകൾക്ക് ബലക്ഷയവും തകർച്ചയുമുണ്ടാകുന്നത് ഒഴിവാക്കാനാണിത്. വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റുകളിലും ഡാമുകളിലും നിന്നുള്ള പൈപ്പുകൾ കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ വാട്ടർ അതോറിട്ടിയുടെ എൻ.ഒ.സി നിർബന്ധമാക്കാൻ നിർദ്ദേശം നൽകണമെന്നതാണ് സർക്കാരിനോടുള്ള ശുപാർശ.
പൈപ്പ് ലൈൻ റോഡുകളുടെ കണക്ക് വാട്ടർ എസ്റ്റേറ്റ് വിഭാഗത്തിന് കൈമാറാൻ നിർദ്ദേശിച്ചതായി വാട്ടർ അതോറിട്ടി സെക്രട്ടറി പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അതോറിട്ടിയുടെ ജല വാഹകക്കുഴലുകളുണ്ട്. പല കാലഘട്ടങ്ങളിലായി ഇവയുടെ ഇരുവശങ്ങളിലും നിർമ്മാണങ്ങളുമുണ്ട്. കൂറ്റൻ പൈപ്പ് ലൈനുകൾ കടന്നുപോകുന്ന റോഡുകൾ പൊതുഗതാഗതത്തിന് നല്കാൻ കഴിയില്ലെന്നിരിക്കെ,കൂടുതൽ കെട്ടിടങ്ങൾക്ക് അനുമതി കൊടുത്താൽ വലിയതോതിലുള്ള ഗതാഗതം ജലവാഹക കുഴലുകൾക്ക് സമ്മർദ്ദവും പൈപ്പ് പൊട്ടലിനും വഴിവയ്ക്കുമെന്നാണ് അതോറിട്ടി സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അതേസമയം,വാട്ടർ അതോറിട്ടിയുടെ വസ്തുവകകളുടെ കണക്കെടുപ്പിനൊപ്പം സ്വന്തമായി നികുതി അടയ്ക്കുന്ന റോഡുകളുടെ പട്ടികകൂടി സർക്കാരിന് സമർപ്പിക്കാനാണ് നീക്കം.
വസ്‌തുവക വിവരം
ഡിവിഷൻ ഓഫീസുകൾ...............................................................44
വസ്തുവകകളുള്ള സ്ഥലങ്ങൾ...............................................4,870
ഡിവിഷൻ ഓഫീസുകളുടെ വശമുള്ള ഭൂമി.........1,449.85 ഏക്കർ
പ്രോജക്ട് ഓഫീസുകളുടെ വശമുള്ള ഭൂമി...........134.53 ഏക്കർ
ആകെ...................................................................................15,884ഏക്കർ
റോഡുകളുടെയും വാട്ടർ അതോറിട്ടിയുടെ വസ്തുവകകളുടെയും കണക്കെടുപ്പ് ജില്ലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാകും നിർമ്മാണത്തിന് എൻ.ഒ.സി നടപ്പാക്കുക
- സെക്രട്ടറി,
വാട്ടർ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |