തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ അതിരുവിട്ട നാടകീയ രംഗങ്ങൾ. സസ്പെൻഷൻ നിലനിൽക്കുമെന്ന് പ്രഖ്യാപിച്ച് താത്കാലിക വി.സി ഡോ. സിസ തോമസ് യോഗം പിരിച്ചുവിട്ടു.
ഇടതുപക്ഷത്തെ 17 അംഗങ്ങളും കോൺഗ്രസ് പ്രതിനിധിയും യോഗം തുടർന്ന് സസ്‌പെൻഷൻ റദ്ദാക്കി പ്രമേയം പാസാക്കി. അനിൽകുമാർ മണിക്കൂറുകൾക്കുള്ളിൽ ചുമതലയേറ്റെന്നാണ് അറിയുന്നത്. രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോയിന്റ് രജിസ്ട്രാർ ഹരികുമാർ ചുമതല കൈമാറി ഉത്തരവിറക്കിയതായും അറിയുന്നു. ഇതിന് നിയമ സാധുതയില്ലെന്ന് സിസ തോമസ് പ്രതികരിച്ചു. വി.സിയാണ് ഉത്തരവിറക്കേണ്ടത്.
സസ്പെൻഷൻ ചോദ്യം ചെയ്ത് അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അസാധാരണ സംഭവം. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വിവരം വി.സി യോഗത്തിൽ റിപ്പോർട്ട് ചെയ്തതോടെ, സസ്പെൻഷൻ പിൻവലിക്കണമെന്ന പ്രമേയം അവതരിപ്പിക്കാൻ ഇടത് അംഗങ്ങൾ ശ്രമിച്ചു. അജണ്ടയിലുള്ളതേ ചർച്ച ചെയ്യാൻ അനുവദിക്കൂവെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ അനുവദിക്കില്ലെന്നും വി.സി അറിയിച്ചു. ഇതോടെ ബഹളമായി. യോഗം പിരിച്ചുവിട്ട് വി.സി മടങ്ങി. ബി.ജെ.പി അനുഭാവികളായ രണ്ട് അംഗങ്ങളും പുറത്തിറങ്ങി.
കോൺഗ്രസ് അനുകൂല അംഗവും 17 ഇടത് അംഗങ്ങളും യോഗത്തിൽ തുടർന്നു. മുതിർന്ന ഇടത് അംഗമായ ഡോ പി.എം. രാധാമണിയെ അദ്ധ്യക്ഷയാക്കി. ആ യോഗം ഡോ. കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് പ്രമേയം പാസാക്കുകയായിരുന്നു.
മൂന്നംഗ സമിതി
ജൂൺ 25ന് ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് സെനറ്റ് ഹാളിലുണ്ടായ സംഭവങ്ങൾ അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ സമിതിയെ യോഗം പിരിച്ചുവിടും മുമ്പ് നിയോഗിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിജുഖാൻ, ജി. മുരളീധരൻ,ഡോ. നസീബ് എന്നിവരാണ് സമിതിയിലുള്ളത്.
കോടതി നിലപാട് നിർണായകം
1.സസ്പെൻഷനെ ന്യായീകരിച്ചും നിലനിൽക്കുമെന്നുമാണ് വി.സിയുടെ പ്രത്യേക അഭിഭാഷകൻ വാദിക്കുക. അതിനെ എതിർത്തുകൊണ്ടാവും സിൻഡിക്കേറ്റിനുവേണ്ടി സർവകലാശാലയുടെ അഭിഭാഷകൻ രംഗത്തുവരുന്നത്. അനിൽകുമാർ താൻ നൽകിയ ഹർജി പിൻവലിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്.എന്നാൽ ഇതിനെ വി.സി എതിർക്കും.
2. വി.സി യോഗം പിരിച്ചുവിട്ടു കഴിഞ്ഞാൽ വീണ്ടും യോഗം ചേരാൻ വി.സിയുടെ അനുമതി വേണമെന്നാണ് ചട്ടം. വി.സി അനുമതി നൽകുന്ന മറ്റൊരാളുടെ അദ്ധ്യക്ഷതയിൽ മാത്രമേ യോഗം ചേരാവൂ
3.യോഗം പിരിച്ചുവിട്ടാൽ വി.സിയോടൊപ്പം മാറേണ്ട രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ ഹരികുമാർ സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നു. ചുമതലയേൽക്കാൻ രജിസ്ട്രാർക്ക് രേഖാമൂലം നിർദ്ദേശം നൽകിയതും ഈ ഉദ്യോഗസ്ഥനാണ്. ചട്ടപ്രകാരം വി.സിയാണ് ഉത്തരവ് നൽകേണ്ടത്.
'അനധികൃതമായ യോഗ തീരുമാനം അസാധുവാണ്. സസ്പെൻഷൻ തുടരും. കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്"
- ഡോ. സിസ തോമസ്, താത്കാലിക ചുമതലയുള്ള വി.സി
'സസ്പെൻഷൻ നിലനിൽക്കില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ഭൂരിപക്ഷം തീരുമാനം. നിയമസഭ പാസാക്കിയ ചട്ടത്തിന് മുകളിൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല".
-ഡോ. ഷിജു ഖാൻ, സിൻഡിക്കേറ്റ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |