
തിരുവനന്തപുരം: ജനങ്ങൾക്ക് മനംമാറ്റം വന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്വർണവും അവിഹിതവുമൊന്നും ജനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു, തിരഞ്ഞെടുപ്പിന് തയ്യാറാകേണ്ടത് നമ്മളാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തിരുവനന്തപുരം ശാസ്തമംഗലത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മനംമാറ്റത്തിലൂടെ വന്നിട്ടുള്ള നിശ്ചയം പൂർണമായി ഉപയോഗിക്കണം. മാദ്ധ്യമങ്ങളുടെ അവിഹിത സഹായത്തോടെയാണ് വിവാദങ്ങൾ പൊന്തിച്ചെടുക്കാൻ ശ്രമിക്കുന്നത്.സ്വർണവും അവിഹിതവും ഒന്നും ജനങ്ങളെ ബാധിക്കില്ല. കോ ഓപ്പറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഭൂതമാണ്. ശബരിമല കേന്ദ്രത്തിന് എടുത്തുകൂടേയെന്ന് ചോദിക്കുന്നവരുണ്ട്. ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽനോട്ടത്തിൽ ശബരിമല വരണമെങ്കിൽ അതിന് ജനങ്ങൾ തീരുമാനിക്കണം. അപ്പോൾ അവിടെ മോഷണം പോയിട്ട് ഒന്ന് തൊട്ടുനോക്കാൻ പോലും കഴിയാതെ വരും.
2036ൽ ഒളിമ്പിക്സ് ഇന്ത്യയിൽ വരും. കേരളം അതിന് സജ്ജമാകണം. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെയും ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണ്. കേരളത്തിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ വരണം. മൂന്നുനേരം ചോറുണ്ടാൽ അതിനുള്ള ബുദ്ധി ഉണ്ടാകില്ല.അതിന് സാമാന്യ ബുദ്ധി ഉണ്ടാകണം. ജനങ്ങൾ സ്വപ്നം കണ്ടോട്ടെ. അതിനെ കുത്തിത്തിരിക്കാൻ വരരുത്. ആറ്റുകാൽ പൊങ്കാലയുടെ അടുപ്പുകൂട്ടുന്ന ചുടുകട്ട കൊണ്ട് സ്റ്റേഡിയം ഉണ്ടാക്കാൻ കഴിയില്ല'- സുരേഷ് ഗോപി പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |