ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദക്ക് പൂർവ്വാശ്രമത്തിലെ ഗുരുക്കന്മാരുടെയും സഹപാഠികളുടെയും ആദരവ്. കോട്ടയം മുണ്ടക്കയം പാറത്തോട്ടിലെ ഗ്രേസി മെമ്മോറിയൽ സ്കൂളിലെ മുൻ അദ്ധ്യാപകരും സ്വാമിയുടെ സഹപാഠികളുമാണ് ഇന്നലെ ശിവഗിരിയിൽ ഒത്തുചേർന്ന് സ്വാമിയെ ആദരിച്ചത്.
ഗുരുനാഥന്മാരും 93കാരുമായ ജോൺവട്ടയ്ക്കലും ജേക്കബ് തോമസും അൻപതോളം സഹപാഠികളുമാണ് ഒരു പകൽ മുഴുവൻ ശിവഗിരിയിൽ ചെലവഴിച്ചത്. വർഷത്തിലൊരിക്കൽ ഇവർ വിവിധ സ്ഥലങ്ങളിൽ സമ്മേളിക്കാറുണ്ട്. ധർമ്മസംഘം ട്രസ്റ്റിന്റെ അദ്ധ്യക്ഷസ്ഥാനത്ത് സഹപാഠി എത്തിയതിലെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ശിവഗിരി കൂട്ടായ്മയിൽ. 93 കാരനായ മുൻ അദ്ധ്യാപകൻ ജോൺ വട്ടയ്ക്കൽ ശ്രദ്ധേയനായ കായികതാരമാണ്. ഈ പ്രായത്തിലും കായികമത്സരങ്ങളിൽ സജീവമായി നിലകൊളളുന്ന അദ്ദേഹത്തെ ഡൽഹിയിൽ വച്ച് പ്രധാനമന്ത്റി നരേന്ദ്രമോദി ആദരിച്ചിട്ടുണ്ട്. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പ്രഥമ മുഖ്യാചാര്യനായിരുന്ന യശശരീരനായ പ്രൊഫ. എം.എച്ച്.ശാസ്ത്രികളുടെ ശിഷ്യൻകൂടിയാണ് ജോൺ വട്ടയ്ക്കൽ. സ്വാമി സച്ചിദാനന്ദ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായ ശേഷം നടന്ന തീർത്ഥാടനസമ്മേളനത്തിലും ജോൺവട്ടയ്ക്കലിനെ ആദരിക്കുകയുണ്ടായി. ഇത്തരം കൂട്ടായ്മകൾ സമൂഹത്തിൽ പരസ്പരസ്നേഹവും കരുതലും വർദ്ധിപ്പിക്കുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |