തിരുവനന്തപുരം : ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടിയ സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം ഡി.സി.പി നകുൽ ദേശ്‌മുഖ്. ക്ഷേത്രത്തിലേത് മോഷണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡി.സി.പി പറഞ്ഞു. സ്വർണം ആരെങ്കിലും മാറ്റിവച്ചതാകാനാണ് സാദ്ധ്യത. സ്വർണം കവർന്ന ശേഷം വിവാദമായപ്പോൾ ആരെങ്കിലും ഉപേക്ഷിച്ചതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. അന്വേഷണ പരിധിയിൽ ഇക്കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ട്രോംഗ് റൂമിൽ നിന്ന് 40 മീറ്റർ അകലെ മണൽപ്പരപ്പിൽ മൂടിയ നിലയിലാണ് സ്വർണം കിട്ടിയത്. ഉച്ചവരെ ഇവിടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിച്ചിരുന്നു. തുടർന്ന് വൈകിട്ട് ക്ഷേത്രം ഭാരവാഹികളും പൊലീസും യന്ത്രസഹായമില്ലാതെ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടത്. സ്വർണം സ്ട്രോംഗ് റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഏഴ് പേർ സംഘത്തിൽ ഉണ്ടായിരുന്നു. സ്വർണം അടങ്ങിയ തുണി സഞ്ചിയിൽ നിന്ന് മോഷണം പോയ ദണ്ഡ് മാത്രമാണ് താഴെ വീണതെന്നും ഡി.സി.പി പറഞ്ഞു. നടവഴിക്ക് സമീപം കിടന്നിട്ടും ഇത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ക്ഷേത്രഭരണസമിതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണ ദണ്ഡാണ് കാണാതായത്. ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയായിരുന്നു. ബുധനാഴ്ച തത്കാലത്തേക്ക് നിർത്തിവച്ച ജോലി ഇന്നലെ പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകൽ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ക്ഷേത്രത്തിലെ നിർമ്മാണാവശ്യത്തിനുള്ള സ്വർണം സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വർണം തൂക്കി തിട്ടപ്പെടുത്താറുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ബി മഹേഷ് വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |