കാസർകോട്: ട്രെയിൻ യാത്രക്കിടെ അബോധാവസ്ഥയിലായ പത്തുവയസുകാരി മരിച്ചു. ഉശിലാംപെട്ടി മെയ്‌ക്കിലാംപ്പെട്ടി സ്വദേശിയായ സാറ ചെല്ലനാണ് മരിച്ചത്. ദാദർ-തിരുനെൽവേലി എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ കാഞ്ഞങ്ങാട് സ്റ്റേഷനിൽവച്ചാണ് കുട്ടി അബോധാവസ്ഥയിലായത്. അമ്മ മായാവനം ചെല്ലനൊപ്പം മുംബയ് രോഹയിൽ നിന്ന് മധുരയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു സാറ.
വേറൊരു വണ്ടിക്ക് കടന്നുപോകാനായി കാഞ്ഞങ്ങാട് സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട സമയത്ത് മറ്റുയാത്രക്കാർ ഇടപെട്ട് കുട്ടിയെ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. വായിലൂടെ രക്തം വന്നതിനെത്തുടർന്ന് കുട്ടിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
റെയിൽവേ ഉദ്യോഗസ്ഥരും ഹൊസ്‌ദുർഗ് പൊലീസും ആശുപത്രിയിലെത്തി കുട്ടിയുടെ അമ്മയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മുംബയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. മുംബെയിലെ ആശുപത്രിയിൽ കുട്ടിയെ പ്രമേഹരോഗത്തിന് ചികിത്സിച്ചിരുന്നു. ഇതിന്റെ രേഖകൾ അമ്മ പൊലീസിനെ കാണിച്ചു. കുട്ടിയുടെ ചികിത്സാർത്ഥമാണ് ഇവർ കേരളത്തിലേയ്ക്ക് വന്നത്. മുംബയിൽ ജോലി ചെയ്യുന്ന ചെല്ലനാണ് കുട്ടിയുടെ പിതാവ്. ദമ്പതികൾക്ക് സാറയെ കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |