തിരുവനന്തപുരം: രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നു. ചിത്രം ഒരുകാരണവശാലും അവിടെ നിന്ന് മാറ്റില്ലെന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഗവര്‍ണറെ തിരിച്ചുവിളിക്കണെമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയ സിപിഐ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച എല്ലാ ബ്രാഞ്ചുകളിലും വൃക്ഷത്തെ നട്ട് പ്രതിഷേധിക്കും.
രാജ്ഭവനില്‍ കാവിവത്കരണം എന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് ഇടത് നേതാക്കള്‍. മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണറോട് മൃദുസമീപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ഭാരതാംബ വിവാദത്തില്‍ ഗവര്‍ണ്ണറെ മുഖ്യമന്ത്രി എതിര്‍പ്പ് അറിയിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നാണ് രാജ്ഭവന്റെ അഭിപ്രായം. ചിത്രം മാറ്റില്ലെന്ന് ഉറച്ച നിലപാടെടുക്കുന്ന ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തിയുണ്ട്.
കൃഷി വകുപ്പ് മുന്‍കൈയെടുത്ത് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള സൗഹൃദം തകിടം മറിക്കുകയായിരുന്നു. ചിത്രവും പുഷ്പാര്‍ച്ചനയും ഒഴിവാക്കണമെന്നാണ് ഗവര്‍ണറുടെ സെക്രട്ടറിയെ വിളിച്ച് മന്ത്രി ആവശ്യപ്പെട്ടത്. പറ്റില്ലെന്നും രാജ്ഭവനിലെ കാര്യങ്ങളില്‍ അന്തിമതീരുമാനം ഗവര്‍ണറുടേതാണെന്നുമായിരുന്നു മറുപടി. അതിനു വഴങ്ങാതെ, മുഖ്യമന്ത്രിയുടെ അനുമതിയോടെ പരിപാടി റദ്ദാക്കിയ മന്ത്രി പ്രസാദ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളില്‍ ബദല്‍ പരിപാടി നടത്തി.
ആദ്യവേദിയില്‍ ഗവര്‍ണര്‍ പരിസ്ഥിതിദിനാഘോഷ ചടങ്ങ് നടത്തി നിലപാട് കടുപ്പിക്കുകയും ചെയ്തു. വിവാദമുണ്ടാക്കിയ ഭാരതാംബയുടെ ചിത്രം ഗവര്‍ണര്‍ ആര്‍.വി.ആര്‍ലേക്കറുടെ നിര്‍ദ്ദേശപ്രകാരം രാജ്ഭവന്‍ അടുത്തിടെ തിരുവനന്തപുരത്തെ കടയില്‍ നിന്ന് വാങ്ങിയതാണ്. മറ്റ് സംസ്ഥാനങ്ങളുടെ രൂപീകരണ ദിനാഘോഷ ചടങ്ങുകളിലടക്കം ഈ ചിത്രം ഉപയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |