
കൊച്ചി: എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ എസ്എച്ച്ഒ പ്രതാപ ചന്ദ്രന്റെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ട് വര്‍ഷത്തോളമുള്ള ഷൈമോളുടെ കാത്തിരിപ്പാണ് വിജയിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഗര്‍ഭിണിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ദുരിതമാണ് ഷൈമോള്‍ ഏറ്റുവാങ്ങിയത്. സ്‌റ്റേഷനിലെ സിസിടിവിയില്‍ സത്യം പതിഞ്ഞിട്ടുണ്ട് എന്ന് മാത്രമാണ് മറ്റുള്ളവരോട് യുവതിയും ഭര്‍ത്താവും പറഞ്ഞത്. പിന്നീട് ഇതിനുള്ള നിയമപോരാട്ടം അവര്‍ ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഷൈമോളും ഭര്‍ത്താവും കോടതിയെ സമീപിച്ചതിന് പിന്നാലെ കള്ളക്കേസുകളും ഇല്ലാത്ത വകുപ്പുകളും ചുമത്തി കേസ് മുന്നോട്ട് കൊണ്ട് പോകാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവിനെ ബലം പ്രയോഗിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ചു, സ്റ്റേഷന്‍ ആക്രമിച്ചു, എസ്എച്ച്ഒയെ മാന്തുകയും ആക്രമിക്കുകയും ചെയ്തു, കൈക്കുഞ്ഞുങ്ങളുമായി എത്തി സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയവയാണ് കള്ളക്കേസിന്റെ ഭാവനയില്‍ പൊലീസ് എഴുതി ചേര്‍ത്തത്.
പൊതുസ്ഥലത്ത് പൊലീസ് നടത്തിയ മര്‍ദ്ദനം ഫോണില്‍ പകര്‍ത്തിയതിന് ഷൈമോളുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി അഞ്ച് ദിവസമാണ് ജയിലിലിട്ടത്. ഇതേത്തുടര്‍ന്ന് സ്‌റ്റേഷനില്‍ അരങ്ങേറിയ സംഭവങ്ങള്‍ക്ക് സാക്ഷിയായ കുട്ടികള്‍ ദിവസങ്ങളോളം അതിന്റെ മാനസിക ആഘാതത്തിലായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ നിയമപോരാട്ടവുമായി അവര്‍ രംഗത്ത് വന്നത്. കോടതിയില്‍ അഭിഭാഷകന്‍ മുഖേന പരാതി നല്‍കി, ജഡ്ജിക്കു മുന്‍പാകെ മൊഴി നല്‍കി. ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനു ഒടുവിലാണ് ഷൈമോള്‍ക്ക് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായത്.
2024 ജൂണ്‍ 20ന് ആണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പൊലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. മഫ്തിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതന്വേഷിച്ച് സ്റ്റേഷനിലെത്തിയ യുവതിയെ സിഐ പ്രതാപചന്ദ്രന്‍ മര്‍ദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇതിനെതിരെ യുവതിയും കുടുംബവും പരാതിപ്പെട്ടെങ്കിലും പൊലീസ് ഇതെല്ലാം നിഷേധിച്ചിരുന്നു. യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചുവെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പൊലീസ് വിശദീകരണം. കൂടാതെ പരാതിക്കാരി പൊലീസുകാരെ മര്‍ദിച്ചെന്നും ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്ന് യുവതിയും ഭര്‍ത്താവും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ഇവര്‍ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |